
തിരുവനന്തപുരം : ഉച്ചക്കടയിൽ മുഖം മൂടി ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. കേസിൽ പ്രതികളായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ വയോധികയടക്കം അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ജാർഖണ്ഡ് സ്വദേശികളായ ശശികുമാർ (20), ഭഗവത്കുമാർ (19) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായും സിസിടിവി ഹാർഡ് ഡിസ്ക് കണ്ടെടുക്കുന്നതിനുമായി ഏഴ് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്‍റെ തീരുമാനം. ഒന്നാം പ്രതി കോട്ടുകാൽ ഉച്ചക്കട ആർ.സി. ഭവനിൽ ചന്ദിക (67) ക്വട്ടേഷൻ നൽകിയ മറ്റ് നാല് പ്രതികളടക്കം റിമാൻഡിലാണ്. തിങ്കളാഴ്ച പുലർച്ചെ 5ന് നടന്ന സംഭവത്തിൽ ഉച്ചക്കട പുന്നവിള കുരിശടിനട വിശ്വദീപം വീട്ടിൽവിശ്വാമിത്രൻ (61) കൈകൾക്കും കാലുകൾക്കു പരിക്കേറ്റ് ആശുപത്രി ചികിത്സയിലാണ് കഴിയുന്നത്.
ഒന്നാം പ്രതിയായ ചന്ദ്രികയുടെ വീടും സ്ഥലവും വിശ്വാമിത്രന് 3 കോടിയ്ക്ക് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് ചന്ദ്രിക നൽകിയ ക്വട്ടേഷനെ തുടർന്നായിരുന്നു ആക്രമണം. വിശ്വാമിത്രൻ ഉറങ്ങിക്കിടന്ന മുറിയുടെ വാതിൽ ചവിട്ടി തുറന്ന് ഇരുമ്പ് കമ്പിയും തടി കഷ്ണവും കൊണ്ട് ആക്രമിക്കുകയും കാറിൽ തട്ടിക്കൊണ്ട് പോയി വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. സിസിടിവി തകർത്ത് ഹാർഡ് ഡിസ്ക് എടുത്തു കൊണ്ടുപോകുകയും ചെയ്തിരുന്നതിനാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.