
പാലക്കാട്: ജപ്തി ഭീഷണിയെ തുടർന്ന് എങ്ങോട്ട് പോകുമെന്നറിയാതെ പാലക്കാട് ഗോവിന്ദാപുരത്തെ മാമ്പഴ കർഷകരായ ഷറഫുദീനും റഹീം ജാനും. 2012ൽ ഇവരെടുത്ത 15 ലക്ഷം രൂപ വായ്പ ഇപ്പോൾ പലിശയും പിഴപ്പലിശയും കയറി 38 ലക്ഷത്തിലെത്തിയിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ വീടും സ്ഥലവും വിട്ട് പോകണമെന്നാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ അന്ത്യശാസനം. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും ഇടപാടുകാർക്ക് ആവശ്യമെങ്കിൽ കോടതിയിൽ പോകാമെന്നുമാണ് ബാങ്കിന്‍റെ നിലപാട്.
12 വർഷം മുൻപ് പാലക്കാട് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് ഷറഫുദീനും ഭാര്യ റഹീംജാനും 15 ലക്ഷം രൂപ കാർഷിക വായ്പയെടുത്തത് മാങ്ങാ കൃഷി വിപുലപ്പെടുത്താനാണ്. ഗോവിന്ദാപുരത്തെ ഒരേക്കർ 30 സെന്‍റ് പുരയിടം പണയം വെച്ചാണ് വായ്പ എടുത്തത്. 2018 വരെ കൃത്യമായി വായ്പ തിരിച്ചടച്ചു. ഷറഫുദീന് ഒരപകടം പറ്റിയതോടെ തിരിച്ചടവ് മുടങ്ങി. വൈകാതെ ജപ്തി നോട്ടീസ് വന്നു. എങ്ങനെയും പണം തിരിച്ചടക്കാൻ തയ്യാറായപ്പോഴാണ് പുരയിടം ലേലത്തിൽ പോയ വിവരം ബാങ്ക് അധികൃതർ അറിയിച്ചത്.
"ഞങ്ങള്‍ക്ക് ഇതല്ലാതെ ഒന്നുമില്ല. ഞങ്ങളുടെ ഭൂമി തിരിച്ചുകിട്ടണം. പൈസ കെട്ടാന്‍ തയ്യാറാണ്. സുഖമില്ലാത്ത ആളെക്കൊണ്ട് ഞാനെവിടെ പോവാനാ?"- റഹീംജാന്‍ ചോദിക്കുന്നു. ചായക്കട നടത്തിയാണ് ഇവർ അന്നന്നത്തെ ഭക്ഷണത്തിന് വക കണ്ടെത്തുന്നത്. അതിനിടയിൽ വീട്ടിൽ നിന്ന് ഇറങ്ങിക്കൊടുക്കാൻ 24 മണിക്കൂറാണ് ബാങ്ക് അനുവദിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam