
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ച പ്ലാസ്റ്റിക് പെല്ലെറ്റുകൾ അടങ്ങിയ ചാക്കു കെട്ടുകൾ കൊണ്ടുപോകാനുള്ള കമ്പനി അധികൃതരുടെ നീക്കം തടഞ്ഞ് പ്രദേശത്തെ മത്സ്യ തൊഴിലാളികൾ. ഒരു വർഷം മുൻപ് കൊച്ചി - ആലപ്പുഴ ഉൾക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കു കപ്പലിൽ നിന്നും വീണ കണ്ടയ്നറുകളിലെ ചാക്കു കെട്ടുകൾ കടലിൽ ഒഴുകി നടക്കുകയായിരുന്നു. കടലിൽ മുങ്ങിക്കിടന്ന കണ്ടയ്നർ കാലപ്പഴക്കം കൊണ്ട് പൊട്ടി ഉള്ളിലെ ചാക്കുകൾ വെള്ളത്തിന് മുകളിലേക്ക് എത്തിയതാണെന്നാണ് വിലയിരുത്തൽ.
യുഎഇ നിർമ്മിതമായ പോളിപ്രൊപ്പലൈൻ ആണെന്നും 25 കിലോഗ്രാം ഭാരമുണ്ടെന്നും അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം തീരത്തു നിന്ന് ഏകദേശം 32 മുതൽ 50 ഓളം നോട്ടിക്കൽ മൈൽ ഉള്ളിൽ ഒഴുകി നടന്ന ചാക്കുകെട്ടുകൾ കഴിഞ്ഞ ദിവസമാണ് ഇവ വിവിധ വള്ളങ്ങളിലായി കരയ്ക്കെത്തിച്ചത്. ചാക്കുകളായി അടുക്കി വച്ചിരുന്ന ഇവ ഇന്നലെ വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് മത്സ്യത്തൊഴിലാളികൾ തടഞ്ഞത്. വാഹനത്തിൻ കയറ്റിയ ചാക്കുകൾ തിരികെ ഇറക്കിച്ചു. ഇവ കരയിൽ എത്തിച്ച തൊഴിലാളികൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
മുൻപ് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ അരിച്ചെടുക്കുന്നതിന് പ്രതിഫലം നൽകി ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ, മത്സ്യബന്ധനം പോലും ഉപേക്ഷിച്ച് വളരെ ശ്രമപ്പെട്ട് ഇവ ഉൾക്കടലിൽ നിന്നും കരയിലെത്തിച്ചവർക്ക് ഒന്നും നൽകിയിലെന്നാണ് തൊഴിലാളികൾ പറയുന്നത്.150 ചാക്കുകളാണ് കരയ്ക്കെത്തിച്ചത്. തീരത്തു നിന്ന് പ്ലാസ്റ്റിക് തരികൾ ശേഖരിക്കുന്നതിന് നിയോഗിച്ച കമ്പനിയുടെ കാലാവധി കഴിഞ്ഞ മാർച്ചോടെ അവസാനിച്ചതിനാൽ നഷ്ടപരിഹാരം വേണമന്ന നിലപാടിലാണ് തൊഴിലാളികൾ. പ്രതിഷേധമുണ്ടായെങ്കിലും കേസെടുത്തിട്ടില്ലെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam