
കോയമ്പത്തൂര്‍: പാലക്കാട് കല്യാൺ ജ്വല്ലറി സ്വർണ്ണ കവർച്ചകേസിലെ 16 പ്രതികളും പിടിയിൽ. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയതത്. ഇവരിൽ അഞ്ച് പ്രതികൾ മലയാളികളാണ്. ഒരു കോടി രൂപയുടെ സ്വർണ്ണമാണ് സംഘം വാഹനം അക്രമിച്ച് കവർന്നത്.
തമിഴ്നാട് പൊലീസാണ് ആന്ധ്രാ, തമിഴ്നാട് അതിർത്തിയിൽ നിന്നും 16 പ്രതികളെയും പിടികൂടിയത്. തൃശ്ശൂർ സ്വദേശികളായ രെനൂബ്, കണ്ണൻ, എറണാകുളം സ്വദേശി ഹബീബ്, പത്തനംതിട്ട സ്വദേശി വിപിൻ എന്നിവരാണ് പിടിയിലായ മലയാളികൾ. എല്ലാ പ്രതികളെയും ഇന്നുതന്നെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നേരത്തെ പ്രതികൾക്കായി കർണാടകയിലും ഗോവയിലുമടക്കം അന്വേഷണ സംഘം തിരച്ചിൽ നടത്തിയിരുന്നു.
ഒരുകോടിരൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ഈ മാസം ഏഴാം തീയതിയാണ് വാളയാറിന് സമീപം ചാവടിയിൽ വച്ച് തട്ടിയെടുത്തത്. സംഭവം നടന്നതിന് സമീപമുളള പെട്രോൾ ബങ്കിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കവർച്ചക്കാരെ കുറിച്ചുളള ഏകദേശ വിവരം പൊലീസിന് ലഭിച്ചിരുന്നു. നേരത്തെ കവർച്ചയുടെ ആസൂത്രകനായ ഫിറോസിന്റെ അമ്മയും സഹോദരനും തിരുപ്പതി റെയിൽവെ സ്റ്റേഷനിൽ വച്ച് പിടിയിലായിരുന്നു. അറുപത് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam