'ദൈവത്തിന് മാപ്പ്, ഞാന്‍ പോകുന്നു'; 16കാരന്‍റെ ആത്മഹത്യക്കുറിപ്പില്‍ നീറി നാട്, വിഷാദരോഗമെന്ന് പൊലീസ്

Published : May 01, 2022, 04:23 PM IST
'ദൈവത്തിന് മാപ്പ്, ഞാന്‍ പോകുന്നു'; 16കാരന്‍റെ ആത്മഹത്യക്കുറിപ്പില്‍ നീറി നാട്, വിഷാദരോഗമെന്ന് പൊലീസ്

Synopsis

സാധാരണയായി ആരുമായും അധികം ഇടപഴകാത്ത സ്വഭാവമായിരുന്നു  അനുവിന്ദിന്. വിഷാദ രോഗമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മറ്റ് ദുരൂഹതയൊന്നും കണ്ടെത്താൻ ആയില്ലെന്നും പൊലീസ് അറിയിച്ചു.

കോട്ടയം: ദൈവത്തിന് മാപ്പ്, എന്റെ മരണത്തിന് മറ്റൊരാളും ഉത്തരവാദിയല്ല. ഞാൻ പോകുന്നു. കോട്ടയത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ (Plus One Student) ആത്മഹത്യയില്‍ (Suicide) പറഞ്ഞിരിക്കുന്ന ഈ വാക്കുകള്‍ നാടിന്‍റെ ഹൃദയം തകര്‍ക്കുകയാണ്. ചങ്ങനാശേരി ക്രിസ്തുരാജ സ്കൂൾ ഹോസ്റ്റലില്‍ പതിനാറുകാരനായ അനുവിന്ദ് ആണ് ജീവനൊടുക്കിയത്. ക്രിസ്തുരാജ സ്കൂളിൽ എൻട്രൻസ് കോച്ചിങ്ങിനെത്തിയതാണ് മാനന്തവാടി സ്വദേശിയായ അനുവിന്ദ്.

ഫാനിൽ തുങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സാധാരണയായി ആരുമായും അധികം ഇടപഴകാത്ത സ്വഭാവമായിരുന്നു  അനുവിന്ദിന്. വിഷാദ രോഗമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മറ്റ് ദുരൂഹതയൊന്നും കണ്ടെത്താൻ ആയില്ലെന്നും പൊലീസ് അറിയിച്ചു. സിസിടിവിയിലും കുട്ടിയുടെ ആത്മഹത്യ പതിഞ്ഞിട്ടുണ്ട്. കൊവിഡ് വ്യാപനത്തിനെ തുടർന്നുള്ള അടച്ചിടലിന് ശേഷം കുട്ടികളുടെ മാനസികാരോഗ്യത്തിന് വന്നിട്ടുള്ള വലിയ ആഘാതത്തിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു സംഭവമാകുകയാണ് ചങ്ങനാശേരിയിലെ അനുവിന്ദിന്റെ ആത്മഹത്യ.

അനുവിന്റെ മാതാവ് ഡോക്ടറാണ്. പിതാവ് കെഎസ്ഇബിയിൽ എൻജിനീയറാണ്. മെഡിക്കൽ -എൻജിനീയറിങ്ങ് എൻട്രൻസ് പരീക്ഷയുടെ തയ്യാറെടുപ്പുകൾക്കായാണ് ആഴ്ചകൾക്ക് മുമ്പ് കുട്ടി ചങ്ങനാശേരിയിൽ എത്തിയത്. മാതാപിതാക്കളുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ഇഷ്ടമില്ലാത്ത കോഴ്സുകളിലേക്ക് എത്തിച്ചേരുന്ന കുട്ടികള്‍ അനുഭവിക്കുന്ന വലിയ മാനസിക ഭാരങ്ങളിലേക്കാണ് അനുവിന്ദിന്‍റെ ആത്മഹത്യ വിരല്‍ചൂണ്ടുന്നത്.

ഇന്നത്തെ സാഹചര്യത്തിൽ പരാജയങ്ങള്‍ എന്തെന്നറിയാതെ വര്‍ന്ന് വരുന്ന കുട്ടികൾക്ക് പലപ്പോഴും ചെറിയ വിഷമം താങ്ങാൻ കഴിയുന്നില്ലെന്ന് മാനസിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. മാതാപിതാക്കളും സർക്കാർ വകുപ്പുകളും ഈ കാര്യങ്ങളിൽ അടിയന്തിര ശ്രദ്ധ വെയ്ക്കണമെന്നും ഈ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു.

സർക്കാർ ഉദ്യോഗസ്ഥയുടെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, ഭർത്താവ് കസ്റ്റഡിയിൽ

മാവേലിക്കര: കണ്ടിയൂരിൽ സർക്കാർ ഉദ്യോഗസ്ഥയായ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ടിയൂർ കടുവിനാൽ പറമ്പിൽ ജിജോയുടെ ഭാര്യ ബിൻസി (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചലനമറ്റ നിലയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന  ബിൻസിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചെന്നുമാണ് ഭർത്താവ് ആദ്യം  നൽകിയ മൊഴി. എന്നാൽ  പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ജിജോയെ പൊലീസ് ചോദ്യം ചെയ്തു. അപ്പോഴും ജിജോ തൂങ്ങിമരണമാണെന്ന് സമ്മതിക്കാൻ തയ്യാറായില്ല. വീട്ടുകാരെ ഉൾപ്പടെ ചോദ്യം ചെയ്തപ്പോൾ തൂങ്ങി മരണമാണെന്ന് ഇവർ സമ്മതിച്ചു. 

ബിൻസിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ബിൻസിയുമായി വഴക്കുണ്ടായിരുന്നതായും ശേഷം  7.45 ന് വീടിനോട് ചേർന്നുള്ള പലചരക്ക് കട തുറക്കാൻ പോയി  8.10 ഓടെ തിരികെ വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിൽ ബിൻസിയെ ഷാളിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെന്നുമാണ് ജിജോ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ജിജോയെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്. നാലു മാസം മുമ്പാണ് തിരുവല്ല വാട്ടർ അതോറിറ്റിയിൽ ബിൻസി ജോലിയിൽ പ്രവേശിച്ചത്. ഒന്നര വയസുള്ള പെൺകുഞ്ഞുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്