
മൂന്നാർ : അമ്മയെ കാട്ടാന ചവിട്ടിക്കൊന്നതോടെ അനാഥരായിരിക്കുകയാണ് മൂന്ന് മക്കൾ. അമ്മ മരിച്ചതോടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. മക്കളിൽ നിന്ന് മാറി മറ്റൊരിടത്താണ് അച്ഛൻ കഴിയുന്നത്. ഇതോടെ 19 കാരനായ മനോജും ഇളയ രണ്ട് സഹോദരിമാരും തീർത്തും അനാഥരായി. കണ്ണൻ ദേവൻ കമ്പനി വാഗുവരൈ എസ്റ്റേറ്റിൽ പരേതയായ വിജിയുടെയും മഹേന്ദ്ര കുമാറിന്റെയും മക്കളാണ് മനോജും പ്രീതിയും (16) പ്രിയദർശിനിയും (13). ഇപ്പോൾ രണ്ട് സഹോദരിമാരെ പോറ്റാനായി മനോജ് പഠനം ഉപേക്ഷിച്ചു. അമ്മയുടെ മരണത്തിൽ ഇവർക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. വനംവകുപ്പ് കയ്യൊഴിഞ്ഞതോടെയാണ് പഠനമുപേക്ഷിച്ച് മനോജ് സഹോദരിമാർക്കായി കൂലിപ്പണിക്ക് ഇറങ്ങിയത്.
2021 സെപ്റ്റംബർ 24ന് പുലർച്ചെയാണ് വിജിയെ കാട്ടാന ചവിട്ടിക്കൊന്നത്. പൂപ്പാറ ഭാഗത്ത് വച്ചാണ് ഭർത്താവിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന വിജിയെ കാട്ടാന ആക്രമിച്ചത്. റോഡിനു നടുവിൽ നിന്ന ഒറ്റയാന്റെ മുന്നിൽ പെട്ട ഇവരുടെ ബൈക്ക് മറിഞ്ഞു. ഇതോടെ റോഡിൽ വീണ വിജിയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. എന്നാൽ മഹേന്ദ്രകുമാറിനെ കാട്ടാന ആക്രമിച്ചില്ല.
വിജി മരിച്ചതിന് പിന്നാലെ മഹേന്ദ്രകുമാർ മറ്റൊരു വിവാഹം കഴിച്ചു. ഇതോടെ മനോജ് സഹോദരിമാർക്കായി ജീവിക്കാൻ നിർബന്ധിതനാവുകയായിരുന്നു. പ്ലസ് വണ്ണിൽ പഠിക്കുകയായിരുന്നു മനോജ്. സഹോദരിമാരെ തമിഴ്നാട്ടിലെ ഒരു ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. 16 കാരി പ്രീതി ഇപ്പോൾ പ്ലസ് വണ്ണിലാണ്, പ്രി.ദർശിനി എട്ടിലും. വിജി മരിച്ച സമയത്ത് അടിയന്തിര സഹായമായി 10000 രൂപ നൽകിയെങ്കിലും നഷ്ടപരിഹാരമായ അഞ്ച് ലക്ഷം രൂപ ഇതുവരെ നൽകിയിട്ടില്ല. അമ്മയുടെയും അച്ഛന്റെയും തണലില്ലാതായതോടെ ഈ തുക ലഭിക്കുമെന്നത് മാത്രമാണ് ഈ കുട്ടികളുടെ പ്രതീക്ഷ.
Read More : മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളിയുടെ വീട് തകര്‍ത്തു