
തൃശൂർ: തൃശ്ശൂരിൽ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ അകപെട്ട് പത്തൊൻപതുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ചെവ്വാഴ്ച്ച രാവിലെയാണ് നടുക്കുന്ന അപകടം ഉണ്ടായത്. കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ അകപെട്ട് പത്തൊൻപതുകാരനായ അതിഥി തൊഴിലാളിക്കാണ് ജീവൻ നഷ്ടമായത്. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി ഭരത് യാദവിന്‍റെ മകന്‍ വര്‍മ്മാനന്ദ് കുമാറാണ് മരണപ്പെട്ടത്. വളയനാട് റോഡ് നിർമാണത്തിനു എത്തിച്ച കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കുടുങ്ങിയാണ് വര്‍മ്മാനന്ദ് കുമാർ മരിച്ചത്.
അപകടത്തിന് പിന്നാലെ സ്ഥലത്തെ പൊലീസ് എത്തി അന്വേഷണം നടത്തി. വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് മെഷീനകത്ത് ജോലി ചെയ്യുന്നതിനിടെ പുറമെ നിന്ന് മെഷീന്‍ ഓണ്‍ ആക്കിയതാണ് അപകട കാരണം എന്നാണ് വ്യക്തമാകുന്നത്. സാധാരണ മെഷീന്‍ ഓണ്‍ ആക്കുന്നതിന് മുന്‍പായി സൈറണ്‍ മുഴക്കാറുണ്ട്. എന്നാല്‍ ഇന്ന് ഇത് ചെയ്യാതെ യു പി സ്വദേശിയായ മറ്റൊരു തൊഴിലാളി മെഷീന്‍ ഓണാക്കിയതാണ് അപകട കാരണമെന്നാണ് നിഗമനം. ഇക്കാര്യം മറ്റ് തൊഴിലാളികള്‍ തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല അപകടം നടന്നതിന് പിന്നാലെ ഈ മെഷീന്‍ ഓണാക്കിയ യു പി സ്വദേശിയെ കമ്പനി അധികൃതര്‍ പ്ലാന്റില്‍ നിന്നും മാറ്റിയെന്നും കുടെയുണ്ടായിരുന്ന തൊഴിലാളികൾ പറയുന്നു. ഇത് അപകട സ്ഥലത്ത് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു. പ്രതിഷേധിച്ച മറ്റ് തൊഴിലാളികൾ പ്ലാന്റിലെ കോട്ടേജുകളുടെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. ഇരിങ്ങാലക്കുട പൊലീസ് എത്തിയ ശേഷമാണ് തൊഴിലാളികൾ ശാന്തരായത്. തൊഴിലാളികളുടെ പരാതി കേട്ട പൊലീസ് വിശദമായ അന്വേഷണം നടത്താം എന്ന് ഉറപ്പു നൽകുകയും ചെയ്തു. അപകടമുണ്ടായ സമയത്ത് മെഷീൻ ഓണാക്കിയ യു പി സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകു എന്ന് പൊലീസ് വ്യക്തമാക്കി