
തിരുവനന്തപുരം: ചൈനീസ് സൈബർ തട്ടിപ്പു ശൃംഖലയിലെ നാലു പ്രതികളെ തിരുവനന്തപുരം സൈബർ പൊലിസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈൻ ട്രേഡിംഗിന്റെ മറവിൽ കമ്പോഡിയ കേന്ദ്രീകരിച്ചു നടന്ന രണ്ടു കോടിയുടെ തട്ടിപ്പു കേസിലാണ് അറസ്റ്റ്. തട്ടിപ്പു പണം കൈമാറ്റം ചെയ്യാൻ പ്രതികള്‍ 20ലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചതായി ഡിസിപി നിധിൻ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കമ്പോഡിയ കേന്ദ്രീകരിച്ചുള്ള കോള്‍ സെൻററിന് നേതൃത്വം നൽകുന്നതും കോഴിക്കോട് സ്വദേശി നന്ദുവാണെന്ന് പൊലിസ് കണ്ടെത്തി.
ചതി ചൈന വഴിയെന്ന പരമ്പരയിലൂടെ ചൈനീസ് തട്ടിപ്പു സംഘത്തെ കുറിച്ചുളള വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഓണ്‍ ലൈൻ ട്രേഡിംഗ് ആപ്പു വഴി കോടികള്‍ സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വീണ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടരക്കോടി. കമ്പോഡിയിൽ ചൈനീസ് സംഘം നടത്തുന്ന കോള്‍ സെൻററിലായിരുന്നു വിളിയെത്തിയത്. പ്ലേ സ്റ്റോറിൽ തട്ടിപ്പ് അപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത് ട്രേഡിംങ് നടത്തി. പണം നഷ്ടമായ പരാതി പരിശോധിച്ച സൈബർ പൊലിസ് കണ്ടെത്തിയത് തട്ടിയെടുത്ത പണമെല്ലാം പോയിരിക്കുന്നത് കേരളത്തിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്. അവിടെ നിന്നും ബിഗ് കോയിലേക്ക് മാറ്റി കമ്പോഡിയിലേക്ക് കടത്തിയിരിക്കുന്നു. തൊടുപുഴ, കോഴിക്കോട്, മലപ്പുറം ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്. ഇരുപതിലധികം അക്കൗണ്ടുകളിലേക്ക് പണം കൈമാറിയാണ് പിൻവലിച്ചത്.
അക്കൗണ്ട് ഉടമകളുടെ വീടുകളിൽ കഴിഞ്ഞ മൂന്നു ദിവസം പൊലിസ് പരിശോധന നടന്നു. തട്ടിപ്പ് പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം മുഖ്യപ്രതി സാദിഖാണ് പണം പിൻവലിച്ച്, ക്രിപ്റ്റോയിലേക്കും ബിഗ് കോയിലേക്കും മാറ്റുന്നത്. കമ്പോഡിയൻ അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. സാദിഖിന്റെ സുഹൃത്ത് കമ്പോഡിയിലുള്ള മനുവാണ് മുഖ്യ സൂത്രധാരൻ. മനു ചൈനീസ് സംഘം നടത്തുന്ന കോള്‍ സെൻറിന്ററിലാണെന്ന് പൊലിസ് കണ്ടെത്തി. ബാങ്ക് അക്കൗണ്ട് ഉടമകളും തട്ടിപ്പിൽ പങ്കാളികളുമായ ഷെഫീക്ക്, റാസിഖ്, നന്ദുകൃഷ്ണ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
പൊലിസ് കണ്ടെത്തിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. തലസ്ഥാനത്തെ തട്ടിപ്പിന് പുറമേ മറ്റ് സംസ്ഥാനങ്ങിൽ നടന്ന തട്ടിപ്പുകളുടെ പണം പോലും ഇതേ അക്കൗണ്ടുകള്‍ വഴി ചെയ്തിട്ടുണ്ട്. വിദേശത്തുള്ള മനുവിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസിറക്കും. ഇതാദ്യമായാണ് ചൈനീസ് കോള്‍ സെൻറിലുള്ള മലയാളിക്കെതിരെ വ്യക്തമായ തെളിവ് ലഭിക്കുന്നത്. സൈബർ സ്റ്റേഷൻ അസി.കമ്മീഷണർ ഹരികുമാറിൻെറ നേതൃത്വത്തില്‍ എസ്ഐമാരായ ഷിബു, സുനിൽകുമാർ, സിവിൽ പൊലിസ് ഓഫീസർമാരായ ബെന്നി, പ്രശാന്ത്, വിപിൻ, രാഗേഷ്, മണികണ്ഠൻ എന്നിവരാണ് റെയ്ഡു നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam