വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആദിത്യയിലൂടെ അഞ്ചുപേർക്ക് പുതുജീവിതം; 2020ലെ ആദ്യ അവയവദാനം

By Web TeamFirst Published Jan 10, 2020, 9:49 PM IST
Highlights

മകന്‍റെ മരണം ഉറപ്പായ നിമിഷത്തിലും അവയവദാനത്തിന്റെ പ്രസക്തി മനസിലാക്കി അദിത്യയുടെ പിതാവ് മനോജ്  അവയവങ്ങള്‍ ദാനം ചെയ്യുകയെന്ന വിലപ്പെട്ട തീരുമാനമെടുക്കുകയായിരുന്നു. 

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആദിത്യയിലൂടെ അഞ്ചുപേർക്ക് പുതുജീവിതം. 2020ലെ ആദ്യ അവയവദാനം നടന്നത് ശാസ്തമംഗലം ടി സി 9/1418 ബിന്ദുലയിൽ മനോജ്-ബിന്ദു ദമ്പതികളുടെ മകന്‍ ആദിത്യ (21) യിലൂടെയായിരുന്നു. ഡിസംബര്‍ 29നാണ് വെള്ളയമ്പലം- ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. 

മകന്‍റെ മരണം ഉറപ്പായ നിമിഷത്തിലും അവയവദാനത്തിന്റെ പ്രസക്തി മനസിലാക്കി അദിത്യയുടെ പിതാവ് മനോജ്  അവയവങ്ങള്‍ ദാനം ചെയ്യുകയെന്ന വിലപ്പെട്ട തീരുമാനമെടുക്കുകയായിരുന്നു. മകന്റെ മരണം താങ്ങാവുന്നതിലപ്പുറമാണെങ്കിലും അമ്മ ബിന്ദുവും അദിത്യയുടെ സഹോദരി സ്വാതികയും ആ തീരുമാനത്തിന് പിന്തുണയേകി. തുടര്‍ന്ന് കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്‍റ് പ്രൊക്യുര്‍മെന്‍റ് മാനേജര്‍ മുരളീധരൻ അവയവദാനത്തിന്‍റെ പ്രസക്തി കുടുംബാംഗങ്ങളെ ധരിപ്പിച്ചു. 

സംസ്ഥാന സര്‍ക്കാരിന്‍റെ മരണാനന്തര അവയവദാന ഏജന്‍സിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ എ റംലാബീവി അവയവദാനത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചു. ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങൾ കണ്ണാശുപത്രിയിലും നൽകി. 

മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ എം കെ അജയകുമാര്‍,, നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിക്കുകയായിരുന്നു. 

click me!