
കൊച്ചി: അഴിമുഖത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി സംഘത്തിലെ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടതിൽ ഒരാൾ മരിച്ചു. ഒഴുക്കിൽപ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി. മഹാരാജാസ് കോളജ് വിദ്യാർഥിനിയായ ഫൈഹ ഷെയ്ക്ക് (21) ആണ് മരിച്ചത്.
പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിലെ ന്യൂ അബാസ്മെൻസിൽ ഷെയ്ക്ക് അബ്ദുല്ലയുടെ മകളാണ് ഫൈഹ ഷെയ്ക്ക്. വൈകിട്ട് 6 മണിയോടെയാണ് അപകടമുണ്ടായത്. 10 അംഗ വിദ്യാർഥി സംഘത്തിലെ 5 പേരാണ് ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കാനിറങ്ങിയത്. വേലിയിറക്കത്തിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേർ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്നതിനിടയിൽ തിരയടിച്ച് ഫൈഹയുടെ പിടിവിട്ട് പോവുകയായിരുന്നു.
ഫൈഹയോടൊപ്പം ഒഴുക്കിൽപ്പെട്ട മുഹമ്മദ് ഇർഫാൻ സലിം, സിൻസിന എന്നിവരെ, കരയിൽ ഫുട്‌ബോൾ കളിക്കുകയായിരുന്ന റോയിസ്റ്റൺ കടലിൽ ചാടി സാഹസികമായി രക്ഷപ്പെടുത്തി. തിരച്ചിലിനൊടുവിൽ എൽഎൻജി ഭാഗത്ത് നിന്ന് കണ്ടെത്തിയ ഫൈഹയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ജനറൽ ആശുപത്രിയിലാണ്.