
കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ വിവാഹ വീടുകളില്‍ വില്‍പനയ്ക്കായി അനധികൃതമായി എത്തിച്ച മദ്യം പൊലീസ് പിടികൂടി. പുതുച്ചേരിയിൽ നിന്ന് എത്തിച്ച മദ്യമാണ് പൊലീസ് പിടികൂടിയത്.
210 കുപ്പികളിലായി 135 ലിറ്റര്‍ മദ്യം. എല്ലാം മുന്തിയ ഇനം. എന്നു വച്ചാല്‍ കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റില്‍ ലിറ്ററൊന്നിന് 1200 രൂപയ്ക്ക് മുകളില്‍ വിലയുളള മദ്യ കുപ്പികൾ. ഈ മദ്യമെല്ലാം പോണ്ടിച്ചേരിയില്‍ നിന്ന് കാര്‍ മാര്‍ഗമാണ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. മുളന്തുരുത്തി ചെത്തിക്കോട് സ്വദേശി ജോസ്, സഹോദരന്‍ ജയിംസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം എത്തിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
പോണ്ടിച്ചേരിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മദ്യം കേരളത്തിലെത്തിച്ച് വിവാഹ വീടുകളിലും മറ്റും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന സംഘമാണ് ഈ മദ്യം എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ കണ്ട് രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാൻ അന്വേഷണം തുടരുകയാണ്.