
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ഭൂസമരം നടന്ന് 22 വര്‍ഷമായിട്ടും ആദിവാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് സമരം നയിച്ചിരുന്ന ആദിവാസി ഗോത്ര മഹാസഭ നേതാക്കളില്‍ ഒരാളായ സി.കെ ജാനു. ആദിവാസി സമൂഹത്തോടുള്ള രാഷ്ട്രീയക്കാരുടെ സമീപനം വ്യക്തമാക്കുന്നതാണ് അവര്‍ക്കെതിരെ തുടരുന്ന കേസുകളെന്നും ജാനു പറഞ്ഞു. മുത്തങ്ങ സമരം മുന്നില്‍ നിന്ന് നയിച്ചവര്‍ക്ക് മുഴുവന്‍ ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ല എന്നതാണ് 22 വര്‍ഷം പിന്നിടുമ്പോഴുള്ള വസ്തുതയെന്ന് മറ്റൊരു നേതാവിയിരുന്ന എം ഗീതാനന്ദനും പറഞ്ഞു. മുത്തങ്ങ സമരത്തിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കാന്‍ തകരപ്പാടിയിലെ ജോഗി സ്മാരകത്തില്‍ എത്തിയതായിരുന്നു ഇരുവരും. 825 കുടുംബങ്ങളില്‍ നിന്നായി 4200 പേരാണ് അന്ന് സമരത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ നാമമാത്രമായ ആളുകള്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചത്. ഇതില്‍ കൂടുതല്‍ ഭൂമിയാകട്ടെ വാസയോഗ്യമല്ലാത്തതാണെന്നും ഗീതാനന്ദന്‍ പറഞ്ഞു. എന്നാല്‍ മുത്തങ്ങ സമരത്തിന് പിന്നാലെ സംസ്ഥാനത്തെ ആദിവാസി-ദലിത് വിഭാഗങ്ങള്‍ അവകാശങ്ങള്‍ക്കായി സമരം ചെയ്യാനിറങ്ങിയെന്നതാണ് മുത്തങ്ങ കൊണ്ടുണ്ടായ കാതലായ മാറ്റമെന്നും ഗീതാനന്ദന്‍ വ്യക്തമാക്കി.
വാര്‍ഷിക ദിനമായിരുന്ന ബുധനാഴ്ച മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്തൂപത്തില്‍ പൂജയും പുഷ്പാര്‍ച്ചനയും നടന്നു. സി.കെ. ജാനു, എം. ഗീതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണ ചടങ്ങുകള്‍. സ്തൂപത്തില്‍ ആദിവാസി വിഭാഗത്തിന്റെ പ്രത്യേക പൂജയ്ക്ക് ചന്ദ്രന്‍ കാര്യമ്പാതി കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ ഏകദിന ആദിവാസി പാര്‍ലമെന്റും സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഉന്നതികളില്‍ നിന്നുള്ള 200 ഓളം ആദിവാസികള്‍ തകരപ്പാടിയിലെയും ബത്തേരി ടൗണ്‍ ഹാളിലെയും പരിപാടികളില്‍ സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam