അയ്യപ്പ ഭക്തര്‍ക്ക് മുന്നറിയിപ്പ്, കൊട്ടാരക്കര ദിണ്ടുക്കൽ പാതയിൽ 27 ഇടങ്ങളിൽ അപകട സാധ്യതയെന്ന് എംവിഡി

By Web TeamFirst Published Sep 25, 2022, 10:09 AM IST
Highlights

ശബരിമല സീസണിൽ കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിൽ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. മുണ്ടക്കയം മുതൽ കുമളി വരെയുള്ള ഭാഗത്താണ് ഇതിലേറെയും നടക്കുന്നത്.

കട്ടപ്പന (ഇടുക്കി) : അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരുെട പ്രധാന പാതയായ കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ 27 ഇടങ്ങളിൽ അപകട സാധ്യത കൂടുതലെന്ന് മോട്ടാർ വാഹന വകുപ്പിൻറെ കണ്ടെത്തൽ. കഴിഞ്ഞ ഒക്ടോബറിലെ കനത്ത മഴയിൽ തക‍ർന്ന ഭാഗത്താണ് അപകട സാധ്യത കൂടുതൽ. ടാര്‍ വീപ്പയും റിബണും ഉപയോഗിച്ചാണ് ഇവിടങ്ങളിൽ അപകട സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നത്

ശബരിമല സീസണിൽ കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിൽ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. മുണ്ടക്കയം മുതൽ കുമളി വരെയുള്ള ഭാഗത്താണ് ഇതിലേറെയും നടക്കുന്നത്. ഇത്തവണ അപകടങ്ങളുടെ എണ്ണം വ‍ര്‍ദ്ധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിൻറെ റിപ്പോ‍ർട്ടിലുള്ളത്.  

കഴിഞ്ഞ ഒക്ടോബര്‍ 16 - ന് ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ള പാച്ചിലിലും കുട്ടിക്കാനത്തിനും മുപ്പത്തിയഞ്ചാം മൈലിനും ഇടയില്‍ ഏഴിടങ്ങളിൽ റോഡിൻറെ സംരക്ഷണ ഭിത്തി തകർന്നു. റോഡിലേക്ക് വീണ മണ്ണും കല്ലും ഇതുവരെ മാറ്റാത്തതും അപകട സാധ്യത കൂട്ടുന്നു.  വീതി കുറഞ്ഞ റോഡിൽ മുന്നറിയിപ്പ് നൽകാൻ അശാസത്രീയമായി  സ്ഥാപിച്ചിരിക്കുന്ന ടാർ വീപ്പയിൽ ഇടിച്ചും നിയന്ത്രണം നഷ്ടപ്പെട്ടും ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 

അപകട സാധ്യതയേറിയ കൊടും വളവുകളിൽ അടക്കം ക്രാഷ് ബാരിയറുകൾ ഇല്ല. ഉള്ള സ്ഥലങ്ങളിൽ പലയിടത്തും തകർന്നു കിടക്കുന്നു. സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സിഗ്നൽ ലൈറ്റുകളും വേണ്ടത്രയില്ല. മിക്ക ബോർഡുകളും കാടുമൂടി കിടക്കുന്നു. റോഡിലേക്ക് കയറ്റി സ്ഥാപിച്ചിട്ടുള്ള വൈദ്യുത തൂണുകളും ട്രാൻസ്ഫോർമറുകളും മാറ്റണം. രാത്രി കാലത്ത് അപകട സൂചന നൽകാൻ യാതൊരു സംവിധാനവുമില്ല. വണ്ടിപ്പെരിയാർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥ സംഘം തയ്യാറാക്കിയ റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും. 

click me!