നാലുമാസംകൊണ്ട് കനിവ് 108 ആംബുലന്‍സിന്‍റെ സഹായം ലഭിച്ചത് 27000 പേര്‍ക്ക്

By Web TeamFirst Published Jan 27, 2020, 4:00 PM IST
Highlights

ഡിസംബർ മാസമാണ് ഏറ്റവും അധികം ആളുകൾ 108 ആംബുലൻസുകളുടെ സേവനം തേടിയത്. 8152 ആളുകൾക്കാണ് ഡിസംബറിൽ 108 ആംബുലൻസിന്റെ സേവനം നൽകാൻ സാധിച്ചത്...

തിരുവനന്തപുരം: നാലു മാസംകൊണ്ട് സംസ്ഥാന സർക്കാരിന്റെ ട്രോമാ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസുകൾ സഹായം ഒരുക്കിയത്  ഇരുപത്തിയേഴായിരം പേർക്ക്. സെപ്റ്റംബർ 25 മുതലാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകൾ സേവനം ആരംഭിച്ചത്. സെപ്റ്റംബർ 25 മുതൽ ജനുവരി 25 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 27,097 പേർക്കാണ് കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കാൻ സാധിച്ചത്. ഇതിൽ 3969 എണ്ണവും വാഹനപകടങ്ങളിൽ പരിക്ക് പറ്റിയവരായിരുന്നു. 

ഡിസംബർ മാസമാണ് ഏറ്റവും അധികം ആളുകൾ 108 ആംബുലൻസുകളുടെ സേവനം തേടിയത്. 8152 ആളുകൾക്കാണ് ഡിസംബറിൽ 108 ആംബുലൻസിന്റെ സേവനം നൽകാൻ സാധിച്ചത്. ഡിസംബറിൽ മാത്രം 1156 വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവർക്കും 1019 ഗർഭിണികൾക്കും 108 ആംബുലൻസുകളുടെ സേവനം നൽകാൻ സാധിച്ചു.  തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ആളുകൾ 108 ആംബുലൻസിന്റെ സേവനം വിനിയോഗിച്ചത്. 7096 പേർക്ക് നാലുമാസത്തിനിടയിൽ ജില്ലയിൽ 108 ആംബുലൻസുകളുടെ സേവനം നൽകുവാൻ സാധിച്ചത്. 

കാസർഗോഡ് ജില്ലയിൽ നിന്നാണ് ഏറ്റവും കുറവ് വിളികൾ എത്തിയത്. 697 പേർ മാത്രമാണ് ജില്ലയിൽ 108 ആംബുലൻസുകളുടെ സേവനം വിനിയോഗിച്ചത്. കൊല്ലം 2078, പത്തനംതിട്ട 1920, ആലപ്പുഴ 3666, കോട്ടയം 1585, ഇടുക്കി 760, എറണാകുളം 2325, തൃശ്ശൂർ 1773, പാലക്കാട് 1151, മലപ്പുറം 1092, കോഴിക്കോട് 749, വയനാട്‌ 749, കണ്ണൂർ 1456 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും കനിവ് 108 ആംബുലൻസുകളുടെ സേവനം വിനിയോഗിച്ചവരുടെ കണക്കുകൾ. നാലുമാസത്തിനിടയിൽ 108 ആംബുലൻസ് ജീവനക്കാരുടെ സുരക്ഷിത കാരണങ്ങളിൽ 8 പ്രസവങ്ങൾ നടന്നു. ജില്ലാ കളക്ടർമാർ ചെയർമാനായ  ജില്ലാ മോണിറ്ററിങ് കമ്മിറ്റികളാണ് ഓരോ ജില്ലകളിലും പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുന്നത്.


അടിയന്തിര ഘട്ടങ്ങളിൽ കേരളത്തിൽ എവിടെനിന്നും ജനങ്ങൾക്ക് 108 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ ഈ.എം.ആർ.ഐ എന്ന കമ്പനിയുടെ തിരുവനന്തപുരം ടെക്‌നോപാർക്കിൽ സജ്ജീകരിച്ചിരിക്കുന്ന 24 മണിക്കൂറും സജ്ജമായ കണ്ട്രോൾ റൂമിലേക്കായിരിക്കും 108ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്. രോഗിയുടെ പേര്, സ്ഥലം തുടങ്ങി അവശ്യ വിവരങ്ങൾ ശേഖരിച്ച ശേഷം കണ്ട്രോൾ റൂമിൽ നിന്നായിരിക്കും നിങ്ങൾക്ക് അടുത്തുള്ള ആംബുലൻസിന് സന്ദേശം കൈമാറുന്നത്. 

അത്യാധുനിക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ കണ്ട്രോൾ റൂമിൽ നിന്ന് ആംബുലൻസിൽ സജ്ജമാക്കിയിട്ടുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോണിലേക്ക് സന്ദേശം കൈമാറും. രോഗിയുടെ പേര്, എന്താണ് അത്യാഹിതം എന്നിങ്ങനെയുള്ള വിവരങ്ങളും സംഭവസ്ഥലത്തെക്കുള്ള മാപ്പും മൊബൈലിൽ തെളിയും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ആംബുലൻസുകൾ കുതിച്ചെത്തുക. ഓരോ ആംബുലൻസുകളുടെയും യാത്ര കണ്ട്രോൾ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും.

click me!