
പാലക്കാട്: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകാമെന്ന വാഗ്ദാനം വിശ്വസിച്ച് സ്ഥലമൊഴിഞ്ഞ് നൽകിയവരെ വഞ്ചിച്ച് സർക്കാർ. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്ന പാലക്കാട് വെള്ളപ്പന കോളനിയിലെ 11 കുടുംബങ്ങളാണ് ആകെ ഉണ്ടായിരുന്ന വീടും സ്ഥലവും നഷ്ടമായി ദുരിതത്തിലായത്.11 കുടുംബങ്ങളെ മൂന്ന് വർഷം മുൻപാണ് പുറമ്പോക്ക് ഭൂമിയിൽ നിന്നും മാറ്റി താമസിപ്പിച്ചത്.
പതിറ്റാണ്ടുകളായി താമസിച്ചിരുന്ന വീടുകൾ പൊളിച്ച് നീക്കി സ്ഥലം സർക്കാർ ഏറ്റെടുത്തപ്പോൾ 6 മാസത്തിനകം വീടിനേക്കാൾ സൗകര്യമുള്ള ഫ്ലാറ്റ് കെട്ടി നൽകാമെന്ന വാഗ്ദാനമാണ് ഇവർക്ക് നൽകിയത്. ഇതിന് സമീപമുള്ള സ്ഥലത്ത് താൽകാലികമായി കുടിൽ കെട്ടി താമസിക്കാൻ ചിറ്റൂർ നഗരസഭ സൗകര്യവുമൊരുക്കി. എന്നാൽ ഫ്ലാറ്റിനായുള്ള കാത്തിരിപ്പ് രണ്ട് വർഷത്തിലധികം നീണ്ടതോടെ പലരും വാടക വീടുകളിലേയ്ക്ക് താമസം മാറി.
മന്ത്രി എ.കെ ബാലനാണ് പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നടത്തിയത്. ഭവന രഹിതരായ 80 കുടുംബങ്ങൾക്ക് താമസിക്കാനുള്ള ഫ്ലാറ്റ് സമുച്ചയം പണിയാനായിരുന്നു തീരുമാനം. അതേസമയം ടെൻഡർ നടപടി ക്രമങ്ങളിലെ കാലതാമസമാണ് ഫ്ലാറ്റ് പണി വൈകിയതെന്നും ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ചിറ്റൂർ നഗരസഭ അധ്യക്ഷൻ അറിയിച്ചു.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam