കാര്‍ യാത്രക്കാരെ ആക്രമിച്ച് പണം തട്ടിയ കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

By Web TeamFirst Published May 6, 2021, 2:09 PM IST
Highlights

അക്രമികള്‍ തട്ടിയെടുത്ത എട്ടു ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. പണം വയലില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. സിപിഎം കൊറ്റുകുളങ്ങര ബ്രാഞ്ച് സെക്രട്ടറി കിഴക്കയത്ത് ഷാജഹാന്‍, ബന്ധു പൊന്നാറ വീട്ടില്‍ മുഹമ്മദ് റാഫി, മൈമൂനത്ത് എന്നിവരുടെ പക്കല്‍ നിന്നാണ് പണം തട്ടിയെടുത്തത്

കായംകുളം: കാര്‍ യാത്രികരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ തട്ടിയെടുത്ത എട്ടു ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. പണം വയലില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.  നേരത്തെ നാല് പേര് അറസ്റ്റിലായിരുന്നു. 

പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി പത്തിയൂര്‍ കിഴക്ക് കൃഷ്ണഭവനത്തില്‍ അഖില്‍ കൃഷ്ണ (26), എരുവ മാവിലേത്ത്  ശ്രീരംഗം  അശ്വിന്‍ (26), എരുവ ചെറുകാവില്‍ തറയില്‍ ശ്യം (30) എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ മൂന്നാം പ്രതി ചിറക്കടവം വിനോദ് ഭവനില്‍ മിഥുനെ നേരത്തെ പിടികൂടിയിരുന്നു. 

അറസ്റ്റിലായ ശ്യാം, അശ്വിന്‍,  അഖില്‍ കൃഷ്ണ

സിപിഎം കൊറ്റുകുളങ്ങര ബ്രാഞ്ച് സെക്രട്ടറി കിഴക്കയത്ത് ഷാജഹാന്‍, ബന്ധു പൊന്നാറ വീട്ടില്‍ മുഹമ്മദ് റാഫി, മൈമൂനത്ത് എന്നിവര്‍ കാറില്‍ യാത്രചെയ്യുന്നതിനിടെ പ്രതികള് തടഞ്ഞു നിര്‍ത്തി അക്രമിച്ച് 9.85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് കേസ്. പിടിയിലാവരെ പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് എട്ടു ലക്ഷം രൂപ ഇവര്‍ പത്തിയൂര്‍ പുഞ്ചയില്‍ കുഴിച്ചിട്ടതായി അറിഞ്ഞത്. 

തുടര്‍ന്ന് പൊലീസ് ഇവരുമായി സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പണം കണ്ടെടുത്തു. ബാക്കിയുള്ള 185000 രൂപ പെലീസ് തിരയുന്ന മറ്റൊരു പ്രതി റിജൂസിന്റെ പക്കലാണെന്ന് ഇവര്‍ പറഞ്ഞു. ഇയാളെ ഇനിയും പിടികൂടിയിട്ടില്ല. 

ആക്രമിക്കപ്പെട്ട കാര്‍ യാത്രികന്‍ മുഹമ്മദ് റാഫിയുടെ ബന്ധു അഹമ്മദ്ഖാനുമായി നേരത്തെ സാമ്പത്തിക ഇടപാടുണ്ടായിരുന്നവരാണ് കേസിലെ പ്രതികള്‍. അഹമ്മദ്ഖാനെ ലക്ഷ്യമിട്ടാണ് പ്രതികള്‍ കാര്‍ ആക്രമിച്ചത്. എന്നാല്‍ വാഹനത്തില്‍ അഹമ്മദ്ഖാന്‍ ഇല്ലായിരുന്നു. വാഹനം തടഞ്ഞുനിര്‍ത്തിയതിനെ തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കാറില്‍ നിന്ന് പണം തട്ടിയെടുത്ത് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലാഭവിഹിതവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങളുടെ കാരണമെന്നും പൊലീസ് പറയുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ നാലുപേര്‍ അഹമ്മമദ്ഖാന്റെ ഗള്‍ഫിലെ ബിസിനസ് പങ്കാളികളും, മറ്റ് നാല് പേര്‍ ഇവരുടെ സുഹൃത്തുകളുമാണെന്നും പൊലീസ് പറഞ്ഞു. പിടികിട്ടാനുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!