രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി റിനി ആൻ ജോർജ്. താൻ അവരുമായി സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും റിനി വ്യക്തമാക്കി.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മൂന്നാമത്തെ പരാതി നൽകിയ യുവതിയുമായി വ്യക്തിപരമായി യാതൊരു പരിചയവുമില്ലെന്ന് നടിയും മോഡലുമായ റിനി ആൻ ജോർജ്. പരാതിക്കാരിയുമായി വ്യക്തിപരമായി ഒരു പരിചയവും ഇല്ല. ഇന്ന് ഈ നിമിഷം വരെ അവരുമായി ഞാൻ സംസാരിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ മറ്റൊരു വിധത്തിലും കോൺടാക്ട് ചെയ്യുകയോ ചെയ്തിട്ടില്ല. ആരെങ്കിലും അവരുടെ വ്യക്തിപരമായ സംഭാഷണങ്ങളിൽ എന്റെ പേര് ഉപയോഗിച്ചിട്ടുണ്ടോ എന്നതിൽ എനിക്ക് വ്യക്തതയില്ല. അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എനിക്ക് അതിൽ ഉത്തരവാദിത്വം ഇല്ലെന്നും റിനി വ്യക്തമാക്കി.
നേരത്തെ റിനിക്കെതിരെ രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ രംഗത്തെത്തിയിരുന്നു. രാഹുലിനെതിരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഫെനി പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ താൻ ഒരു പരാതിക്കാരിയേയും അങ്ങോട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും റിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ രാഹുൽ എംഎൽഎയ്ക്കെതിരെ ഇപ്പോൾ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി ആൻ ജോർജ് 2025 ഓഗസ്റ്റിൽ തന്നെ അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു എന്ന് മൂന്നാമത്തെ പരാതിക്കാരി തന്നോട് ചാറ്റിൽ പറഞ്ഞതായി ഫെനി നൈനാൻ ഫേസ്ബുക്കിൽ കുറിച്ചു.
