
തൃശൂർ: അന്തിക്കാട് മണലൂർ ഐടി ഐ റോഡിന് സമീപം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പുത്തൻപുരയ്ക്കൽ സലീഷിന്‍റെ ഭാര്യ നിഷമോൾ (35) നെയാണ് വാടകക്ക് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാലക്കുടി സ്വദേശിനിയാണ്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളാണ്. ഞായർ രാവിലെ 8.30 യോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി ഐടിഎ റോഡിലെ വാടക വീട്ടിലാണ് താമസം. കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തിൽ ഒന്നര വർഷത്തിലേറെയായി സെയിൽസ് ജോലി ചെയ്തിരുന്ന നിഷ 2 ദിവസമായി അവധിയിലായിരുന്നു.
ഞായറാഴ്ച രാവിലെയാണ് മുറിയിലെ കിടക്കയിൽ നിഷയെ മരിച്ച നിലയിൽ കണ്ടത്. കുട്ടികൾ അടുത്തവീട്ടിൽ ചെന്ന് അമ്മ ഉണരുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് അയൽക്കാരെത്തി നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചു. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് സലീഷിനെ കാണാതായി. അന്തിക്കാട് പൊലീസെത്തി സലീഷിനെ പലതവണ ഫോണിൽ വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. സലീഷ് വരാതിരുന്നതിനെ തുടർന്ന് വൈകിട്ട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. യുവതിയുടെ മരണത്തിൽ ദുരൂഹത പൊലീസ് തള്ളിക്കളയുന്നില്ല.
ചാലക്കുടി സ്വദേശിനിയായ നിഷ നേരത്തേ വിവാഹിതയായിരുന്നു. അസുഖം മൂലം ആദ്യ ഭർത്താവ് മരിച്ചു. തുടർന്നാണു നിഷയും സലീഷും വിവാഹിതരായത്. നിഷയുടെ ആദ്യ ഭർത്താവിലുള്ള 2 കുട്ടികളാണ് ഇവരോടൊപ്പം താമസം. സലീഷുമായുള്ള ബന്ധത്തിൽ മക്കളില്ല. നിഷയെ സലീഷ് മർദിക്കാറുണ്ടെന്നും പൊലീസിൽ നേരത്തേ പല തവണ പരാതി നൽകിയിട്ടുണ്ടെന്നും പറയുന്നു. മക്കൾ: വൈഗ, വേദ. ഫോറൻസിക് പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്ന് അന്തിക്കാട് എസ്എച്ച്ഒ പറഞ്ഞു. അന്തിക്കാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam