
ആലപ്പുഴ: ആലപ്പുഴ മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന്‍റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ 7.15ന് മുല്ലയ്ക്കല് ക്ഷേത്രത്തിലെ ശീവേലി സമയത്ത് ക്ഷേത്രമതിൽക്കെട്ടനകത്ത് തളച്ചിരുന്ന ബാലകൃഷ്ണൻ മറിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഉദ്യോഗസ്ഥരടക്കം ഓടിയെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന ബാലകൃഷ്ണനെ ചികിത്സയിലായിരുന്നതിനാൽ എഴുന്നള്ളിക്കാറില്ലായിരുന്നു. മുല്ലയ്ക്കൽ ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകം തറ കെട്ടി അതിലായിരുന്നു ബാലകൃഷ്ണന് വിശ്രമസൗകര്യം ഒരുക്കിയിരുന്നത്. 1987 ൽ മുല്ലയ്ക്കൽ ക്ഷേത്രത്തിലെ കൊടിയർച്ചനയ്ക്ക് ശേഷം മിച്ചം വന്ന തുക ഉപയോഗിച്ച് മുല്ലയ്ക്കൽ ബാലകൃഷ്ണനെ വാങ്ങിയത്. 1988ലാണ് ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്.
2017ൽ തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പിന് ശേഷം മടങ്ങുമ്പോൾ മുല്ലയ്ക്കൽ ബാലകൃഷ്ണൻ വിരണ്ടോടി ചതുപ്പിൽ കുടുങ്ങിയിരുന്നു. അന്ന് ചളിയിൽ താഴ്ന്നതിന് പിന്നാലെ ബാലകൃഷ്ണന് പരിക്കുകൾ ഏറ്റിരുന്നു. മയക്കുവെടി വച്ചാണ് തുറവൂരിലെ ചതുപ്പിൽ നിന്ന് ബാലകൃഷ്ണനെ പുറത്ത് എത്തിച്ചത്. 2016ൽ ബാലകൃഷ്ണന്റ് ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പാപ്പാനെയാണ് മുല്ലയ്ക്കൽ ബാലകൃഷ്ണൻ ആക്രമിച്ചത്. മൂന്ന് പാപ്പാന്മാരെ നേരത്തെ മുല്ലയ്ക്കൽ ബാലകൃഷ്ണൻ കൊലപ്പെടുത്തിയിരുന്നു.