
കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 40 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ചേരിയിൽ ക്യൂ.എസ്.എസ് കൊളനിയിൽ വെളിച്ചം നഗർ 86 ൽ അനീഷ്(37) നെയാണ് കൊല്ലം ഫാസ്റ്റ് ട്രാക്ക് കോടതി സ്‌പെഷ്യൽ ജഡ്ജ് സമീർ എ ശിക്ഷിച്ചത്. 2019 ജൂൺ മാസം രണ്ടാം തീയതി മുതൽ പല ദിവസങ്ങളിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ ഭീഷണിയെ തുടർന്ന് പെൺകുട്ടി വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല. എന്നാൽ കുട്ടിയിൽ നിന്നും പീഡന വിവരം മനസ്സിലാക്കിയ സുഹൃത്ത് പെൺകുട്ടിയുടെ സഹോദരനെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തുടർന്ന് കുടുംബം സി.ഡബ്ല്യൂ.സിയിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പളളിത്തോട്ടം പൊലീസ് അതിജീവിതയുടെ മൊഴി വാങ്ങി പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആയിരുന്ന ദേവരാജന്റെ നിർദ്ദേശപ്രകാരം എസ്.ഐ പി പ്രദീപ് ആണ് കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയത്. ഇവരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ കൃഷ്ണകുമാർ, അനിലാ കുമാരി, സജയൻ, രാധാകൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘം ശാസ്ത്രീയ തെളിവുകളും മറ്റ് അനുബന്ധ തെളിവുകളും ശേഖരിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിക്കെതിരായ കുറ്റകൃത്യങ്ങൾ കോടതിയിൽ തെളിയിക്കാൻ സഹായകമായത്. എസ്.ഐ പി. പ്രദീപ് സ്ഥലം മാറി പോയ ശേഷം ഇൻസ്‌പെക്ടർ ആയിരുന്ന ദേവരാജനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസ് രജിസ്റ്റർ ചെയ്യ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ പിടികൂടിയെങ്കിലും മൂന്ന് മാസം റിമാന്റിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് 2024 സെപ്റ്റംബർ മാസം ഇയാൾ പിടിയിലായെങ്കിലും വീണ്ടും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി. തുടർന്ന് ഒളിവിൽ കഴിഞ്ഞുവന്ന ഇയാളെ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ സജിയുടെ നേതൃത്വത്തിൽ എസ്.ഐ നജീബ്, എസ്.സി.പി.ഓ മനോജ്, സി.പി.ഓ മാരായ അഭിലാഷ്, സജിത്ത്, വിനീത് എന്നിവരടങ്ങിയ സംഘം ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ സരിത ഹാജരായി. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആയിരുന്ന ദേവരാജൻ ഇപ്പോൾ ആര്യനാട് ഇൻസ്‌പെക്ടറും എസ്.ഐ പി പ്രദീപ് ഇപ്പോൾ നെയ്യാറ്റിൻകര ഇൻസ്‌പെക്ടറുമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam