
കണ്ണൂര്‍: കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിൽ പരിശോധനയിൽ കണ്ടെത്തിയത് നോട്ടുകെട്ടുകൾ. രേഖകളില്ലാതെ കൊണ്ടുവന്ന 40 ലക്ഷം രൂപയാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്. കൂട്ടുപുഴ ചെക്ക്‌പോസ്റ്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും പാർട്ടിയും ചേർന്നായിരുന്നു മദ്യ-മയക്കുമരുന്ന് ലക്ഷ്യമിട്ട് വാഹന പരിശോധന നടത്തിയത്.
രേഖകളില്ലാതെ കർണ്ണാടകയിൽ നിന്നും കടത്തിക്കൊണ്ട് വന്നതായിരുന്നു പിടിച്ചെടുത്ത 40 ലക്ഷം രൂപ. തുടർന്ന് പണവും പണം കടത്തിക്കൊണ്ട് വന്ന കർണ്ണാടക പെരിയ പട്ടണ സ്വദേശി ബിഎസ് രാമചന്ദ്ര എന്നയാളെയും ഡ്രൈവറെയും വാഹനവും സഹിതം തുടർ നടപടികൾക്കായി എക്സൈസ് കോഴിക്കോട് ഇൻകം ടാക്സ് അധികൃതർക്ക് കൈമാറി.
എക്സൈസ് ഐബി ഇൻസ്പെക്ടർ കെ.ഷാജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) അബ്ദുൾ നിസാർ ഒ, പ്രിവന്റീവ് ഓഫീസർ ഷാജി സിപി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുജിത്ത്, ശ്രീകുമാർ.വി.പി, കോഴിക്കോട്, കണ്ണൂർ ഓഫീസുകളിലെ ഇൻകം ടാക്സ് ഉഗ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.