
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം സ്വദേശി ജിസ്മി ജേക്കബിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുൻ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ശേഷം കിടപ്പ് മുറിയിലെ അലമാര കുത്തിത്തുറന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മൽ, മാല, വളകൾ കുട്ടികളുടെ ബ്രേസ്‌ലെറ്റ് ഉൾപ്പെടെ 42 പവനോളം സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. സ്കൂൾ അവധിയായതിനാൽ തിരുമലയിൽ പിതാവിനൊപ്പമാണ് ജിസ്മിയുടെ താമസം. എല്ലാ ദിവസവും വീട്ടിലെത്തി പിതാവും ജിസ്മിയും ചെടി നനയ്ക്കാനെത്തും. പതിവുപോലെ ഇന്ന് രാവിലെ ആറുമണിയോടെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്. ശേഷം വിളപ്പിൽശാല പൊലീസിനെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒൻപതിനും തിങ്കളാഴ്ച ആറിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam