
കല്‍പ്പറ്റ: പടിഞ്ഞാറത്തറ മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തു. കാവുമന്ദം കാലിക്കുനി പുതിയില്ലത്ത് ചന്ദ്രന്‍ (42) ആണ് അറസ്റ്റിലായത്. അയല്‍വാസിയുമായി ഇയാള്‍ വഴി തര്‍ക്കം നിലനിന്നിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ടും ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തതോടെ മദ്യ ലഹരിയിലായിരുന്ന ചന്ദ്രന്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി ബഹളം വെക്കുകയും, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. ഇത് ചോദ്യം ചെയ്ത സ്ത്രീയെ പിടിച്ചു തള്ളുകയും തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നുമാണ് പരാതി.
വീട്ടുകാര്‍ വീഡിയോ പകര്‍ത്തി തെളിവടക്കം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പടിഞ്ഞാറത്തറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുരളീധരനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, വയനാട്ടിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിള ലിനുഭവനില്‍ റോഷന്‍ എന്ന ലിജുവിനെ ആണ് തിരുനെല്ലി പൊലീസ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം പൊക്കിയത്. കഴിഞ്ഞ ദിവസം തോല്‍പ്പെട്ടി ചെക്ക്പോസ്റ്റിന് സമീപത്തെ വീട്ടിലായിരുന്നു മോഷണം നടന്നത്.പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി വീട്ടിലേക്ക് ഓടിക്കയറിയ പ്രതി വീട്ടമയെ ആക്രമിച്ച് കഴുത്തിലെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിൽ വീട്ടമ്മയുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പവന്‍ സ്വര്‍ണ്ണമാലയാണ് പ്രതി കവർന്നത്. കവര്‍ച്ച ചെയ്തത്. തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തുടന്ന് ജില്ലയിൽ നടത്തിയ വ്യാപകായ പരിശോധനക്ക് പിന്നാലെയാണ് പ്രതിയെ പിടികൂടാനായത്.