
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ എക്സൈസിൻ്റെ വൻ ചാരായ വേട്ട. പുതുവത്സര വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 43 ലിറ്റർ ചാരായമാണ് പിടികൂടിയത്. അഗളി സ്വദേശികളായ അടിമാലി ജോയി, മങ്ങാടൻകണ്ടി ജയൻ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. അഗളി മൂച്ചിക്കടവിൽ വീടിനോട് ചേർന്നുള്ള ഹോട്ടൽ എന്നെഴുതിയ താൽകാലിക കെട്ടിടത്തിനുള്ളിൽ ചാരായം വിൽപന നടക്കുന്നുവെന്ന രഹസ്യ വിവരത്തേ തുടർന്നായിരുന്നു പരിശോധന. അഗളി റേഞ്ച് എക്സൈസ് റേഞ്ച് ഓഫീസിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു രഹസ്യ സന്ദേശമെത്തിയത്. പിന്നാലെ പ്രിവൻറ്റീവ് ഓഫീസർ ജെ ആർ അജിത്തിൻ്റെ നേതൃത്വത്തിൽ ഏഴംഗസംഘം മൂച്ചിക്കടവിലേക്ക്. ആദ്യ പരിശോധനയിൽ പത്ത് ലിറ്ററിൻ്റെ രണ്ട് പ്ലാസ്റിക് കന്നാസുകളിൽ നിറയെ ചാരായംകണ്ടെത്തി. തൊട്ടടുത്തായി 20 ലിറ്റർ കന്നാസിൽ എട്ട് ലിറ്റർ ചാരായവും. പ്രതികളെ തൊണ്ടി സഹിതം പൊക്കിയതോടെ കെട്ടിടത്തിന് മുൻവശത്തെ ഗുഡ്സ് ഓട്ടോയിൽ ചില്ലറ വിൽപനയ്ക്കായി മാറ്റിവെച്ച 15 ലിറ്റർ ചാരായവും പ്രതികൾ തന്നെ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു.
രണ്ടു പ്രതികളെയും ആകെ 43 ലിറ്റർചാരായവും ഗുഡ്‌സ് ഓട്ടോയും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാളായ അടിമാലി ജോയിഎട്ടുവർഷം മുമ്പ് ചാരായ നിർമാണത്തെക്കുറിച്ചുള്ള യൂട്യുബ് വീഡിയോയിലൂടെ വൈറലായിരുന്നു. നിരവധി ചാരായകേസുകളിലും പ്രതിയാണ്. വർഷങ്ങൾക്കിപ്പുറവും അട്ടപ്പാടിയിലും പരിസരത്തും അടിമാലി ജോയിയുടെ ചാരായ വിൽപന സജീവമാണെന്നത് ഗൗരവ കാണുന്നതെന്നാണ് എക്സൈസ് വിശദീകരണം. കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam