കോർപ്പറേഷൻ സോണൽ ഓഫീസ് ലെയിൻ, ജെപി ലെയ്ൻ തുടങ്ങിയ ഇടറോഡുകളിൽ ചില വീടുകൾക്ക് മുന്നിലെ തൂണുകളിലായിരുന്നു ഇന്നലെ ചുവപ്പു നിറത്തിൽ അടയാളം പ്രത്യക്ഷപ്പെട്ടത്
തിരുവനന്തപുരം: വീടുകൾക്ക് മുന്നിലെ തൂണുകളിൽ ചുവന്ന അടയാളം പതിപ്പിച്ച് മുഖംമൂടി ധാരികൾ, നേമത്ത് പരിഭ്രാന്തിയിലായി നാട്ടുകാർ. തൂണുകളിലെ ചുവന്ന അടയാളം കണ്ട ഭയന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് അടയാളം പതിപ്പിച്ചത് മുഖംമൂടി ധാരികളാണെന്ന് വ്യക്തമായത്. ഇതോടെ ഒരു നാടാകെ ആശങ്കയിലായി. നാല് വർഷം മുമ്പ് വീടുകൾക്ക് മുന്നിൽ കറുത്ത സ്റ്റിക്കർ പതിച്ചിരുന്നതും പിന്നാലെ നടന്ന ചില മോഷണങ്ങളും കണക്കിലെടുത്താണ് ജനങ്ങൾ ഭയന്നത്. വൈകാതെ സിസിടിവി ദൃശ്യങ്ങളുമായി റസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ പൊലീസിനെ സമീപിച്ചു. കോർപ്പറേഷൻ സോണൽ ഓഫീസ് ലെയിൻ, ജെപി ലെയ്ൻ തുടങ്ങിയ ഇടറോഡുകളിൽ ചില വീടുകൾക്ക് മുന്നിലെ തൂണുകളിലായിരുന്നു ഇന്നലെ ചുവപ്പു നിറത്തിൽ അടയാളം പ്രത്യക്ഷപ്പെട്ടത്. രാത്രികാലങ്ങളിൽ എത്തി കവർച്ച നടത്തുന്ന സംഘങ്ങളാണോ പിന്നിലെന്ന സംശയവുമായി നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ വീട്ടുടമകൾ ജാഗ്രത പാലിക്കണമെന്ന് നേമം പൊലീസും അറിയിച്ചു.
പൊലീസ് അന്വേഷണം തുടങ്ങിയ പിന്നാലെയാണ് വിവരം അറിഞ്ഞ് രണ്ട് പേർ സ്റ്റേഷനിലേക്കെത്തിയത്. തങ്ങൾ ഒരു സ്വകാര്യ ഫൈബർ നെറ്റ് വർക്ക് പ്രവർത്തകരാണെന്നും പുതിയ കണക്ഷൻ കൊടുക്കേണ്ട വീടുകൾ തിരിച്ചറിയാൻ ആദ്യദിവസങ്ങളിലെത്തി പോസ്റ്റുകളിൽ ചുവപ്പ് അടയാളം പതിപ്പിച്ചതാണെന്നുമായിരുന്നു ഇവരുടെ കുറ്റസമ്മതം. സ്പ്രേ പെയ്ന്‍റ് ഉപയോഗിക്കുന്നതിനാൽ ആണ് മൂക്കും വായുമടക്കം ഭാഗങ്ങൾ മറച്ചതെന്നും കൂടി കേട്ടതോടെ പൊലീസുകാർക്കാകെ ചിരി. എന്തായാലും സംഭവം കണ്ട് പേടിച്ചിരുന്ന റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ അപ്പോൾ തന്നെ പൊലീസ് വിവരവും അറിയിച്ചാണ് ജനങ്ങളുടെ ഭീതിയകറ്റിയത്.


