കോളറ സംശയിച്ച 48കാരൻ മരിച്ചു; രോഗം സ്ഥിരീകരിച്ചില്ല, രോഗാണുവിനെ കണ്ടെത്താനായില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ

Published : May 16, 2025, 10:48 PM IST
കോളറ സംശയിച്ച 48കാരൻ മരിച്ചു; രോഗം സ്ഥിരീകരിച്ചില്ല, രോഗാണുവിനെ കണ്ടെത്താനായില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ

Synopsis

ചികിത്സയിൽ പ്രവേശിച്ച് ഏഴാമത്തെ ദിവസമാണ് മരണം സംഭവിച്ചത്. 

ആലപ്പുഴ: കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 48കാരൻ മരിച്ചു. ഇന്ന് രാവിലെയാണ് തലവടി സ്വദേശി രഘു മരിച്ചത്. രഘുവിന് രക്ത പരിശോധനയിൽ കോളറയുടെ സംശയം ബലപ്പെട്ടിരുന്നെങ്കിലും മല പരിശോധനയിൽ രോഗാണുവിനെ കണ്ടെത്താനായില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അരോഗ്യം അറിയിച്ചു. മലത്തിൽ കോളറ അണുവിന്റെ സാന്നിധ്യം കണ്ടെത്തിയാൽ മാത്രമേ കോളറ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. ചികിത്സയിലിരുന്ന ആശുപത്രിയിൽ രണ്ട് തവണ സ്റ്റൂൾ കൾച്ചർ നടത്തിയെങ്കിലും കോളറ രോഗാണുവിനെ കണ്ടെത്താനായില്ല.

ലോറി ഡ്രൈവറായി ജോലിനോക്കിയിരുന്ന വ്യക്തി ജോലിയുടെ ഭാഗമായും വ്യക്തിപരമായ ആവശ്യത്തിനായും കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി സ്ഥലങ്ങളിലേയ്ക്ക് യാത്രകൾ നടത്തുകയും പുറത്തുനിന്നും വെള്ളവും ഭക്ഷണവും കഴിക്കുകയും ചെയ്തതിൽ നിന്നുമാണ് രോഗബാധയുണ്ടായത് എന്നാണ് സംശയിക്കുന്നത്. മറ്റ് രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന വ്യക്തിയായിരുന്നു. വയറിളക്കവും ഛർദിയും അമിതമായ ക്ഷീണവും വയറുവീർക്കലും ഉണ്ടായതിനെ തുടർന്ന് ഇക്കഴിഞ്ഞ 9നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിൽ പ്രവേശിച്ച് ഏഴാമത്തെ ദിവസമാണ് മരിച്ചത്. 

രോഗലക്ഷണങ്ങൾ സംശയിച്ച സാഹചര്യത്തിൽ പ്രദേശത്ത്  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തലവടി ഗ്രാമപഞ്ചായത്തിൽ വെച്ച് ജനപ്രതിനിധികൾ, ജില്ലയിലെയും പ്രദേശത്തെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കുടിവെള്ള പരിശോധന, കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷൻ, വീടുവിടാന്തരമുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി. പ്രദേശത്തെ ഹോട്ടലുകൾ, കടകൾ,അംഗൻ വാടികൾ എന്നിവ കേന്ദ്രീകരിച്ച് ഹെൽത്ത് സ്ക്വാഡിന്റെ പരിശോധനയും പ്രതിരോധ ബോധവത്ക്കരണ പരിപാടികളും നടന്നുവരികയാണ്. സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, എന്നിവിടങ്ങളിൽ നിന്നും രോഗലക്ഷണം സംബന്ധിച്ച വിവരശേഖരണവും വിശകലനവും നടത്തിവരുന്നുണ്ട്. രോഗബാധിത പ്രദേശത്ത് ജില്ലാ മെഡിക്കൽ ഓഫീസർ തുടർസന്ദർശനം നടത്തി. 

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി