
സുല്‍ത്താന്‍ബത്തേരി: സി.പി.ഐഎം(CPIM) ശക്തികേന്ദ്രമായ നെന്മേനി പഞ്ചായത്തിലെ മൂന്ന് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി നേതാക്കളടക്കം 50 പേര്‍ സി.പി.ഐയില്‍ (CPI) ചേര്‍ന്നു. നെന്മേനി മുന്‍ ലോക്കല്‍ സെക്രട്ടറി എം.എം. ജോര്‍ജ്ജ് മുന്‍ ബ്രാഞ്ച് സെക്രട്ടറി സി.പി. ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരുള്‍പ്പെടെയാണ് സി.പി.ഐയിലേക്കെത്തിയത്. ഇതില്‍ എം.എം. ജോര്‍ജ്ജ് അടക്കമുള്ള 13 പേര്‍ക്ക് സി.പി.ഐ നെന്മേനി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം സ്വീകരണ സമ്മേളനവും ഒരുക്കി. മലവയലില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടിയുടെ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി കൂടിയായിരുന്ന പി.പി. സുനീര്‍ അടക്കമുള്ള സംസ്ഥാന നേതാക്കള്‍ സംബന്ധിച്ചു.
സി.പി.എം പ്രദേശിക നേതൃത്വത്തിലുള്ള അസംതൃപ്തി കാരണമാണ് പാര്‍ട്ടിമാറ്റമെന്നാണ് ജോര്‍ജ്ജ് അടക്കമുള്ള നേതാക്കള്‍ നല്‍കുന്ന സൂചന. നെന്മേനി, ചീരാല്‍, ചുള്ളിയോട് എന്നീ മൂന്ന് ലോക്കല്‍ കമ്മിറ്റികളിലും വിഭാഗീയ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി വിട്ടവര്‍ ആരോപിക്കുന്നുണ്ട്. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടേയും ചില നേതാക്കളുടേയും നിലപാടിനെതിരെ സംസാരിക്കുന്നവരെ സംഘടനാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നുവെന്നാണ് പരാതി.
പാര്‍ട്ടി മുന്‍ ലോക്കല്‍ സെക്രട്ടറിയും 17 വര്‍ഷത്തോളം പഞ്ചായത്ത് അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു എം.എം. ജോര്‍ജ്ജ്. മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് (സി.ഐ.ടി.യു) മുന്‍ സംസ്ഥാന നേതാവ് ഗോപി ഐക്കര, മുന്‍ ബ്രാഞ്ച് സെക്രട്ടറിമാരായ പി. കുപ്പുസ്വാമി, പി.കെ. ബഷീര്‍ എന്നിവരും സി.പി.എം വിട്ട് സി.പി.ഐയിലെത്തിയ നേതാക്കളാണ്. നെന്മേനി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളില്‍ നിന്നാണ് കൂടുതല്‍ പ്രവര്‍ത്തകര്‍ സി.പി.എമ്മിന് നഷ്ടമായിരിക്കുന്നത്.
പ്രാദേശികമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വം വിമുഖത കാണിച്ചതിനാലാണ് സമീപ കാലത്തൊന്നും വയനാട്ടില്‍ ഉണ്ടാകാത്ത വിധമുള്ള തിരിച്ചടി സി.പി.ഐ.എമ്മിനുണ്ടായതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേ സമയം 50 പേര്‍ പാര്‍ട്ടി വിട്ടുവെന്നതടക്കമുള്ള കാര്യങ്ങള്‍ പാടെ തള്ളുകയാണ് സി.പി.ഐ.എം നേതൃത്വം. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടിയെടുത്ത എം.എം ജോര്‍ജ്ജും പി.കെ. ബഷീര്‍ എന്നിങ്ങനെ രണ്ട് പേര്‍ മാത്രമാണ് സി.പി.ഐയിലേക്ക് പോയതെന്ന് നെന്മേനി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.പി. ഷുക്കൂര്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ജോര്‍ജ്ജിനെയും ബഷീറിനെയും നാളുകള്‍ക്ക് മുമ്പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളതാണ്. മലവയല്‍ ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ പാര്‍ട്ടി പരിപാടികളിലെ പങ്കാളിത്തക്കുറവ് കാരണം നടപടി നേരിട്ടയാളാണ് പി.കെ. ബഷീര്‍. പ്രായമുള്ളവര്‍ നേതൃസ്ഥാനങ്ങള്‍ വിട്ടൊഴിഞ്ഞ് യുവാക്കള്‍ക്ക് അവസരമൊരുക്കണമെന്നുള്ള പാര്‍ട്ടി നയം അംഗീകരിച്ച് പിന്‍മാറിയ ആളായിരുന്നു ജോര്‍ജ്ജ്. അതിന് ശേഷം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് പുറത്താക്കിയതെന്നും എല്‍.സി. സെക്രട്ടറി ഷുക്കൂര്‍ പറഞ്ഞു.