
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ബാലുശ്ശേരി ഉണ്ണികുളം നെരോത്ത് കൊന്നക്കല്‍ ഭാഗത്ത് പണ്ടാരപ്പറമ്പില്‍ പി.പി മോഹനനാണ് (54) ശരീരമാസകലം പരിക്കേറ്റത്. ഇദ്ദേഹത്തെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മങ്ങാട് നെരോത്ത് തൊളോത്ത് ഭാഗത്ത് പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു മോഹനന്‍. അപ്രതീക്ഷിതമായി പഞ്ഞടുത്ത കാട്ടുപന്നി ഇദ്ദേഹത്തെ തേറ്റകൊണ്ട് ശരീരമാസകലം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നെരോത്ത് കൊന്നക്കല്‍ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മുന്‍പും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വ്യാപക കൃഷിനാശമുണ്ടായതായും നാട്ടുകാര്‍ പറയുന്നു.
മൂന്നു വര്‍ഷം മുന്‍പ് മങ്ങാട് കൊന്നക്കല്‍ ഹനീഫയെ(45) കാട്ടുപന്നി കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. കര്‍ഷകനായ ഹനീഫ അടുത്തുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് പരിക്ക് ഭേദമായത്. ഉണ്ണികുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാടുമൂടിക്കിടക്കുന്ന മേഖലകളില്‍ പന്നികള്‍ പെറ്റുപെരുകിയതിനാല്‍ പകല്‍ സമയത്ത് പോലും പുറത്തിറങ്ങാന്‍ പ്രദേശവാസികള്‍ ഭയപ്പെടുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സാ ചെലവുപോലും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam