
തൃശൂര്‍: ഒമ്പതു വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 58-കാരന് 34 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും. കൊടകര സ്വദേശി ശിവനെ ആണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് സിറാജുദ്ദീന്‍ പി.എ. ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. ഇതിനുപുറമേ അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയ്ക്കും കോടതി നിർദേശം നൽകി.
പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 28 വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്. 1,75,000 രൂപ പിഴയുമുണ്ട്. പിഴയൊടുക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഇതിനുപുറമേ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുഷുകള്‍ പ്രകാരം ആറു വര്‍ഷം കഠിന തടവും 50,000 രൂപയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയൊടുക്കാതിരുന്നാല്‍ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണം. പ്രതി നിലവില്‍ മറ്റൊരു പോക്‌സോ കേസില്‍ ആറു വര്‍ഷം ശിക്ഷ അനുഭവിച്ച് വരികയാണ്.
2024 ജൂലായ് 19,20 നവംബർ 29 തീയതികളിലായാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. ജൂലായ് 19,20 തീയതികളിൽ പ്രതി തന്റെ വീട്ടിൽവെച്ച് ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് 2024 നവംബർ 29-ന് പ്രതി പെൺകുട്ടിക്ക് നേരേ നഗ്നതാപ്രദർശനവും നടത്തിയത്. സംഭവത്തിൽ കൊടകര പൊലീസാണ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.
കൊടകര പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഷീബ എ.കെ. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.കെ. ദാസാണ് കേസ്റ്റ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 13 സാക്ഷികളെയും പ്രതിഭാഗത്തുനിന്ന് ഒരാളെയും സാക്ഷികളായി വിസ്തരിച്ചു. 16 രേഖകൾ തെളിവുകളായി ഹാജരാക്കി.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ലെയ്‌സണ്‍ ഓഫീസറുമായ ടി.ആര്‍. രജിനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam