
കൊച്ചി: കൊച്ചി സെന്റ് ആൽബർട്ട് സ്‌കൂള്‍ ഗ്രൗണ്ടിലെ തണൽമരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തലയോട്ടിക്കാണ് പൊട്ടലേറ്റത്. ബോൾഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകന്‍ അലന്‍ (10) വയസ്സ് ആണ് പരിക്കേറ്റത്. ആസ്റ്റര്‍ മെഡി സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വിദ്യാർത്ഥി ചികിത്സയിൽ കഴിയുന്നത്. വൈകീട്ട് 4 മണിയോടെയാണ് അപകടം.
സ്‌കൂള്‍ വിട്ട് കുട്ടികള്‍ പുറത്തേക്ക് വരുന്ന സമയത്ത് വീശിയ കാറ്റില്‍ സ്‌കൂള്‍ ഗ്രൗണ്ടിലുള്ള മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. കുട്ടിയുടെ തലയോട്ടിക്കാണ് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന കാര്യത്തിൽ നാളെ മാത്രമേ വിവരം ലഭിക്കുകയുള്ളൂ. അതേസമയം, മരം മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ തയ്യാറായില്ല എന്ന് പ്രദേശവാസികൾ പറയുന്നു.
സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു
ഇന്ന് വൈകുന്നേരം കാസർകോഡ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസുകാരി മരിച്ചിരുന്നു. കാസർകോട് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. രിഫാന എന്നാണ് പരിക്കേറ്റ കുട്ടിയുടെ പേര്. വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂൾ വിട്ട് പടവുകളിറങ്ങി വരുമ്പോൾ കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ആയിഷത്ത് മിൻഹയും രിഫാനയും കൂട ചൂടി വരുന്നതിനിടയിലാണ് സംഭവം. ആ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. പുറത്തുനിന്ന് കണ്ടാൽ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണത്. സംഭവത്തിൽ രിഫാനക്ക് പരിക്കേറ്റിട്ടുണ്ട്. രിഫാനയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.