
തുറവൂർ: ആലപ്പുഴയിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. തുറവൂർ- തൈക്കാട്ടുശ്ശേരി റോഡിലാണ് സംഭവം. യാത്രികർ വേഗം പുറത്തിറങ്ങിയതിനാൽ ആർക്കും ആളപായമില്ല. കുത്തിയതോട് 12-ാം വാർഡ് ചള്ളിയിൽ വീട്ടിൽ അനന്ദു അശോകന്റെ ഉടമസ്ഥതയിലുള്ള പുത്ചതൻ മാരുതി സുസുക്കി ഇഗ്നിസ് കാറാണ് കത്തി നശിച്ചത്. പാണാവള്ളിയിൽ ഒരു മരണ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എംഎൻ കവലക്ക് സമീപത്ത് കാർ നിർത്തിയിട്ടപ്പോഴാണ് തനിയെ തീപിടിച്ചത്. അനന്ദുവാണ് വാഹനം ഓടിച്ചിരുന്നത്. അച്ഛൻ അശോകനും അമ്മ പുഷ്പലതയും വണ്ടിയിലുണ്ടായിരുന്നു. വാഹനത്തിൽ നിന്നും പ്രത്യേക തരം കരിഞ്ഞ മണം അനുഭവപ്പെട്ട ഉടനെ വാതിൽ തുറന്ന് മൂവരും പുറത്ത് ചാടിയതിനാൽ വൻ ദുരന്തം ഒഴിവായി. കാർ ഭൂരിഭാഗവും കത്തിനശിച്ചു. വാഹനത്തിന്‍റെ മുൻ ഭാഗത്ത് നിന്നാണ് തീപിടിച്ചത്.
തുറവൂർ വെസ്റ്റ് യുപിസ്ക്കൂൾ അധ്യാപകനും ചിത്രകാരനുമായ അനന്തു അശോകൻ വണ്ടി വാങ്ങിയിട്ട് ആറ് മാസം മാത്രമേ ആയുള്ളൂ. കാറിന് തീപിടിച്ചത് കണ്ട് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തി അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്. കുത്തിയതോട് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. തീപിടിക്കാനുള്ള കാരണം ഇത് വരെ വ്യക്തമല്ല. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഫയർഫോഴ്സ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam