
അമ്പലപ്പുഴ: ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന കാലത്ത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും സൗന്ദര്യ സംരക്ഷണവും ലക്ഷ്യമിട്ട് വനിതകൾക്കായി ഫിറ്റ്നസ് സെന്റർ ഒരുക്കിയിരിക്കുകയാണ് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. ഒരു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അപൂര്‍വമായി മാത്രം തുടങ്ങുന്ന സംരഭമെന്ന പ്രത്യേകതയും ഇതിനുണ്ട്.
പുന്നപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നിലയിൽ പൂർണ്ണമായും ശീതികരിച്ച 2000 ചതുരശ്ര മീറ്ററിൽ സ്ഥാപിച്ചിരിക്കുന്ന ഫിറ്റ്നസ് സെന്ററിൽ കാര്‍ഡിയോ, സ്ട്രെങ്തനിങ്, വെയിറ്റ് ട്രെയിനിംഗ് തുടങ്ങിയ പരിശീലനങ്ങളും പ്ലേറ്റ്, ഡമ്പൽസ്, ബാർ, ചെസ്റ്റ് പ്രസ്, ഷോൾഡർ പ്രസ്, സ്മിത്ത്, ലാറ്റ് പുൾഡൗൺ, ട്രെ, സൈക്കിൾ, റോവിംഗ് മെഷീൻ തുടങ്ങി 15ലധികം ആധുനിക പരിശീലന സംവിധാനങ്ങളുമുണ്ട്.
മിതമായ നിരക്കിൽ സ്ത്രീകൾക്ക് ഇവിടെ നിന്നും പരിശീലനം നേടാം. സർട്ടിഫൈഡ് വനിതയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. രാവിലെ 5.30 മുതൽ 11 മണിവരെയാണ് പരിശീലനം. 13 മുതൽ 65 വയസ് വരെയുള്ള സ്ത്രീകൾ ജിമ്മിൽ എത്തുന്നുണ്ട്. പുന്നപ്രയിലെ സ്ത്രീകൾ ആവേശത്തോടെയാണ് ഫിറ്റ്നസ് സെന്ററിനെ സ്വകരിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ് പറഞ്ഞു.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണത്തിന് 20,76,406 രൂപയും ഉപകരണങ്ങൾക്കായി 10 ലക്ഷം രൂപയും ഫർണിച്ചറിന് 25,000 രൂപയും ഉള്‍പ്പെടെ 31,01,406 രൂപയാണ് വനിതാ ജിമ്മിന്റെ ആകെ ചെലവ്. വ്യായാമം ഉൾപ്പെടുത്തിയ ജീവിതശൈലി സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ ഉണർവ് നൽകുമെന്ന തിരിച്ചറിവിൽ നിന്നാണ് പഞ്ചായത്ത് സംരംഭത്തിന് തുടക്കമിട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam