
ആലപ്പുഴ: ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ ചന്ദനക്കാവിന് കിഴക്കുവശമുള്ള അണ്ണാവി ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ച കേസിൽ പഴവീട് ഹൗസിങ് കോളനി വാർഡിൽ പ്ലാംപറമ്പ് വീട്ടിൽ 63 വയസ്സുള്ള രമേഷ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് നിത്യവും ഉപയോഗിച്ചിരുന്ന നിലവിളക്കുകൾ കാണാതായതായി കണ്ടെത്തിയത്. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച് ഒ റെജിരാജ് വിഡിയെ വിവരം അറിയിച്ചു.
ഐഎസ്എച്ച്ഒ റെജിരാജ് വി ഡി, എസ്ഐ കണ്ണൻ എസ് നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം ക്ഷേത്രത്തിനു സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുകയും മോഷണ വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ കണ്ണൻ എസ് നായർ, സീനിയർ സിപിഒ മാരായ ജോസഫ് ടി വി, അഭിലാഷ് എൻപി, സിപിഒ മാരായ ബിജു വി ജി, അരുൺ ജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.