
തിരുവനന്തപുരം: ജ്യേഷ്ഠ സഹോദരി മരിച്ചതറിഞ്ഞ് എത്തിയ അനുജത്തി മൃതദേഹത്തിനരികില്‍ കുഴഞ്ഞു വീണു മരിച്ചു. ഒടുവിൽ അന്ത്യ കർമ്മങ്ങൾ ഒരുമിച്ച് നടത്തി ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പോത്തന്‍കോട് പാലോട്ടു കോണം ലക്ഷം വീടിനു സമീപമാണ് സംഭവം. പാലോട്ടുകോണം രാധാ മന്ദിരത്തില്‍ പരേതനായ ജോണ്‍സന്റെ ഭാര്യ രാധ (74)യും സഹോദരി ചേങ്കോട്ടുകോണം കല്ലടിച്ചവിള ശൈലജ ഭവനില്‍ പരേതനായ മണിയന്റെ ഭാര്യ ശൈലജ(65)യുമാണ് മരിച്ചത്. രാധ പുലര്‍ച്ചെ 2 മണിക്ക് ആണ് മരണമടഞ്ഞത്.
മരണ വിവരം അറിഞ്ഞ് സഹോദരിയെ ഒരു നോക്ക് കാണാൻ ആണ് ശൈലജ എത്തിയത്. സഹോദരിയുടെ മൃതദേഹത്തിനരികില്‍ എത്തിയ ശൈലജ പെട്ടെന്ന് മൃതദേഹത്തിനരികെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കൾ ശൈലജയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ടു സഹോദരങ്ങളും തമ്മില്‍ വലിയ ഐക്യവും സ്‌നേഹവുമായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടെയും അന്ത്യ കര്‍മ്മങ്ങള്‍ ഒരിടത്തു തന്നെ നടത്തിയ ശേഷം മൃതദേഹങ്ങള്‍ നെടുമങ്ങാട് ശാന്തിതീരത്തില്‍ സംസ്‌കരിച്ചു.
ജനുവരി ആദ്യവാരം അച്ഛന്‍റെ അപകടവിവരം അറിഞ്ഞ് നാട്ടിൽ എത്തിയ സൈനികൻ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. പുളിമാത്ത് ആരോമൽ സദനത്തിൽ ആരോമലാണ് മരിച്ചത്. പുളിമാത്ത് ക്ഷേത്ര റോഡിൽ റേഷൻകടയ്ക്ക് സമീപം ആണ് ദാരുണമായ അപകടം നടന്നത്. ആരോമൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്ക് പറ്റിയ ആരോമലിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആരോമലിന്‍റെ പിതാവ് പത്മരാജൻ രണ്ടാഴ്ച മുമ്പ് കാരേറ്റ് വെച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. അച്ഛന്‍റെ അപകടവിരമറിഞ്ഞാണ് മഹാരാഷ്ട്ര നാസിക്കിലെ സൈനികനായി സേവനം അനുഷ്ഠിക്കുന്ന ആരോമൽ ഒരാഴ്ച മുമ്പ് നാട്ടിലെത്തിയത്.
എന്തൊരു കരുതല്‍; സഹോദരങ്ങള്‍ക്കായി വണ്ടി നിർത്തിച്ച് കൊച്ചു മിടുക്കി; വൈറലായി വീഡിയോ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam