
തൃശൂർ: സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുമ്പോഴും, തനിക്ക് കിട്ടിയ വിലപിടിപ്പുള്ള സ്വർണ്ണക്കൈചെയിൻ ഉടമയ്ക്ക് കൈമാറി ആറാം ക്ലാസ്സുകാരൻ മാതൃകയായി. തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിയായ മാനവ് ആണ് തന്റെ സത്യസന്ധതയിലൂടെ നാടിന്റെ അഭിമാനമായി മാറിയത്.
സ്കൂളിലെ കളിസ്ഥലത്ത് വെച്ചാണ് മാനവിന് സ്വർണ്ണക്കൈചെയിൻ ലഭിച്ചത്. തൃത്തല്ലൂർ മണപ്പാട് കാക്കനാട് മണികണ്ഠന്റെയും ലക്ഷ്മിയുടെയും മകനായ മാനവ്, ആഭരണം കിട്ടിയ ഉടൻ തന്നെ ഒട്ടും വൈകാതെ തന്റെ ക്ലാസ് ടീച്ചറുടെ അരികിലെത്തി അത് കൈമാറി. ഈ സമയത്ത് തന്നെ കൈചെയിൻ നഷ്ടപ്പെട്ട ഇതേ സ്കൂളിലെ വിദ്യാർത്ഥിനിയായ അസ്‌ലഹ സങ്കടത്തോടെ സ്കൂൾ ഓഫീസിലെത്തിയിരുന്നു.
സ്കൂൾ അധികൃതർ അസ്‌ലഹയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ വെച്ച് പ്രിൻസിപ്പൽ എൻകെ. സുരേഷ് കുമാറും മാനവും ചേർന്ന് ആഭരണം അസ്‌ലഹയ്ക്ക് കൈമാറി. മാനവിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് അസ്‌ലഹയുടെ രക്ഷിതാക്കളും സ്കൂൾ അധികൃതരും അവന് ഉപഹാരങ്ങൾ നൽകി.
സ്കൂളുകളിൽ ആഭരണങ്ങൾ അണിഞ്ഞു വരരുതെന്ന നിയമം പാലിക്കണമെന്ന് പ്രിൻസിപ്പൽ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക സി.ബി നിഷ, വി.ജി മീന, കീർത്ത, എൻ.എസ് സജന, വി.ഡി സന്ദീപ്, എൻ.എൽ നയന തുടങ്ങി നിരവധി അധ്യാപകർ സംബന്ധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam