
ഇടുക്കി: കാന്തല്ലൂർ പഞ്ചായത്തിൽ പാമ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ 73 കാരന് ഗുരുതരമായി പരിക്കേറ്റു. കൂടെ ഉണ്ടായിരുന്ന ഭാര്യ ചെറിയ പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാമ്പൻപാറ സ്വദേശി തെക്കേൽ വീട്ടിൽ തോമസി (കുഞ്ഞേപ്പ് -73) നാണ് ആന ചവുട്ടിയതിൽ വയറിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റത്. തോമസിൻ്റെ കൂടെയുണ്ടായിരുന്ന ഭാര്യ സിസിലി (68) ആനയെ കണ്ടതും ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുമ്പോൾ വീണു കൈയ്ക്ക് ചെറിയ പരിക്ക് പറ്റി.
തിങ്കളാഴ്ച രാവിലെ 6.45 നാണ് സംഭവം നടന്നത്. പാമ്പൻപാറയിലെ വീടിന് താഴെയുള്ള ആറിൻ്റെ തീരങ്ങളിൽ നില്ക്കുന്ന മരങ്ങളിൽ നിന്നും താഴെ വീണു കിടക്കുന്ന കുടംപുളി പഴങ്ങൾ ശേഖരിക്കുവാനാണ് വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള ആറ്റിൽ ഇരുവരും പോയത്. സിസിലിയുടെ ഒരു കാലിന് സ്വാധീനമില്ലാത്തതാണ്. കമ്പുകുത്തിയാണ് ഭർത്താവിനോടൊപ്പം ചെങ്കുത്തായ പാറയിൽ കൂടി ഇറങ്ങി ആറ്റിൽ എത്തിയത്. വീണു കിടക്കുന്ന കുടംപുളി പഴങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി കാട്ടാന എത്തിയത്. തുമ്പികൈ കൊണ്ട് തോമസിനെ ആക്രമിച്ച ഒറ്റയാൻ താഴെ വീണ തോമസിനെ ചവുട്ടുകയും ചെയ്തു. ആനയെ കണ്ടതും എതിർവശത്തേക്ക് കമ്പുകുത്തി ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് സിസിലിയുടെ കൈയ്ക്ക് പരിക്കേറ്റു.
ഇരുവരുടേയും നിലവിളി കേട്ട് ആന കൂടുതൽ ഉപദ്രവിക്കാതെ മറ്റൊരു ഭാഗത്തേക്ക് പോവുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തി പരിക്കേറ്റ തോമസിനെ കമ്പിളിയിൽ കെട്ടി ചുമന്ന് വാഹനം വരുവാൻ കഴിയുന്ന ഭാഗത്ത് എത്തിച്ചു. മറയൂരിൽ നിന്നും എത്തിയ ആംബുലൻസിൽ കയറ്റി മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ ഇരുവർക്കും നല്കി. തോമസിൻ്റെ പരിക്ക് അതീവ ഗുരുതരമായതിനാൽ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തോമസിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam