
ആലുവ: പ്രളയം മാലിന്യപ്പെടുത്തിയ ഒരുപഞ്ചായത്തിലെ 8,000 കിണറുകൾ നന്നാക്കാൻ യുവ വ്യവസായി. ആലുവ കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ ആന്‍റ് പി ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ പുഞ്ച പുതുശ്ശേരി പീറ്റർ ജോസഫ് ആണ് സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽ നിന്നും കരകയറുന്ന ഒരു പഞ്ചായത്തിലെ കാൽ ലക്ഷം പേർക്ക്, അവരുടെ വീടുകളിലെ കിണർ വൃത്തിയാക്കി കൊടുക്കുന്നത്. ഓരോ വീടിന്റെ കിണറും പമ്പു സെറ്റു സ്ഥാപിച്ചു ചെളിവെള്ളം പമ്പു ചയ്തു ബ്ലീച്ചിങ് പൗഡർ ഇടുന്ന ജോലിയാണ് പീറ്റര്‍ ജോസഫ് ഏറ്റെടുത്തത്. ഏകദേശം എഴുപത് ലക്ഷം രൂപ ചെലവ് വരുന്ന ഉദ്യമമാണ് പീറ്റര്‍ ഏറ്റെടുത്തിരിക്കുന്നത്.
കിഴക്കമ്പലം ആസ്ഥാനമായുള്ള ജെ ആൻറ് പി കമ്പനി എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം പഞ്ചായത്തിലെ 8000ത്തോളം കിണറുകളാണ് ഉപയോഗ യോഗ്യമാക്കുക. പ്രളയം ചളിയിൽ താഴ്ത്തിയ പഞ്ചായത്തിലെ പതിനാറ് വാർഡുകളിലെ വീടുകളിലെ കിണറുകളിൽ സ്ഥാപിക്കുന്നതിനുള്ള മോട്ടോറുകളും പമ്പ് സെറ്റുകളും പീറ്റർ ജോസഫിന്‍റെ കിഴക്കമ്പലത്തുള്ള വീട്ടിൽ അവസാനഘട്ടത്തിലുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണ്. അടുത്ത ദിവസം മുതൽ ഇവ ഓരോ വീടുകളിലും പ്രവര്‍ത്തനക്ഷമമാകും.
നിരവധിനാട്ടുകാരും ഇലക്ട്രീഷ്യന്മാരും കൈകോർത്ത പ്രവർത്തനം വീട്ടുമുറ്റം നിറയെ ഒരു പുതു പിറവി യുടെ പ്രതീതി ഉയർത്തിയിരിക്കുകയാണ്. ശ്രീമൂലനഗരം പഞ്ചായത്തിൽ കിണറുകൾ അടിയന്തിരമായി ഉപയോഗ യോഗ്യമാക്കുന്നതിന് ആലുവ എം.എൽ.എ. അൻവർ സാദത്ത് ആണ് പീറ്റർ ജോസഫിന്‍റെ പേര് നിർദ്ദേശിച്ചത്. എം.എൽ.എ.യുടെനിർദ്ദേശം പഞ്ചായത്ത് അംഗീകരിക്കുകയും പീറ്റർ ജോസഫിന് പഞ്ചായത്തിലെ കിണർ ഉപയോഗ യോഗ്യമാക്കാൻ അനുമതി നൽകുകയുമായിരുന്നു.
പഞ്ചായത്തിന്‍റെ ഓരോ വാർഡുകളിലെയും ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കിണർ ശുചീകരണത്തിന് നേതൃത്വം നൽകും. ചെളിവെള്ളം പമ്പു ചെയ്‌ത് പുറത്തേക്ക് കളഞ്ഞ ശേഷം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് വെള്ളം ശുചീകരിക്കും. ഇതിനായി വിദഗ്ദരായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമുണ്ടാകും.
പ്രളയത്തിൽ ആലുവ നഗരം മുങ്ങിയപ്പോൾ കിഴക്കമ്പലത്തെ പീറ്റർ ജോസഫിന്‍റെ വീട്ടിൽ വെള്ളപൊക്കം അധികം ബാധിച്ചിരുന്നില്ല. വീടിന്‍റെ ഗെയ്റ്റ് കടന്ന് വരാന്തവരെ വെള്ളം കയറിയെങ്കിലും ദൈവ കൃപയാൽ പ്രായമായ അമ്മയെയും കുടുംബത്തെയും കൊണ്ട് വീട് വിട്ട് ഇറങ്ങേണ്ടി വന്നില്ലെന്ന് പീറ്റർ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam