പെരുന്നാളാഘോഷം മാറ്റിവച്ച് ദുരന്തബാധിതരെ സഹായിച്ച കുട്ടികളെ കാണാന്‍ പോലീസെത്തി

By Web TeamFirst Published Aug 22, 2018, 1:15 AM IST
Highlights

പ്രളയബാധിതരെ സഹായിക്കാനായി പെരുന്നാളിന് കിട്ടിയ പണം മാറ്റിവച്ച് നാടിന് മാതൃകയായി കുരുന്നുകളെ കാണാന്‍ പുത്തനുടുപ്പുകളും ചെരുപ്പുകളുമായി ജനമൈത്രി പോലീസെത്തി. ബളാലിലെ എൽ.കെ.ബഷീറിന്‍റെ മക്കളായ ഹാഷിറിനും നെബീലിനും സഹോദരി പുത്രൻ യാസിനുമാണ് ചൊവ്വാഴ്ച ഉച്ചയോടെ  വെള്ളരിക്കുണ്ട് സി.ഐ.എം .സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  സന്ദര്‍ശിച്ചത്. 
 

കാസർകോട്: പ്രളയബാധിതരെ സഹായിക്കാനായി പെരുന്നാളിന് കിട്ടിയ പണം മാറ്റിവച്ച് നാടിന് മാതൃകയായി കുരുന്നുകളെ കാണാന്‍ പുത്തനുടുപ്പുകളും ചെരുപ്പുകളുമായി ജനമൈത്രി പോലീസെത്തി. ബളാലിലെ എൽ.കെ.ബഷീറിന്‍റെ മക്കളായ ഹാഷിറിനും നെബീലിനും സഹോദരി പുത്രൻ യാസിനുമാണ് ചൊവ്വാഴ്ച ഉച്ചയോടെ  വെള്ളരിക്കുണ്ട് സി.ഐ.എം .സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  സന്ദര്‍ശിച്ചത്. 

പെരുന്നാൾ ആഘോഷം മാറ്റിവെച്ചു ദുരിത ബാധിതരെ സഹായിക്കാൻ കൈകോർത്ത മൂവർ സംഘത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വെള്ളരിക്കുണ്ട് പോലീസ് കുട്ടികളെ അവരുടെ വീട്ടിൽ എത്തി നേരിൽ കണ്ട് അഭിനന്ദിക്കുവാനും അവർക്ക് പെരുന്നാൾ മധുരവും നൽകാനും തയ്യാറായത്.

ബാപ്പ കൊടുത്ത പണവുമായി ഏഴാം ക്ലാസുകാരനായ ഹാഷിറും രണ്ടാം ക്ലാസുകാരനായ നബീലും ഒന്നാം ക്ലാസുകാരനായ യാസീനും വെള്ളരിക്കുണ്ടിലെ തുണിക്കടയില്‍ ചെന്ന് വസ്ത്രങ്ങള്‍ വാങ്ങി. അടുത്തകടയിൽ നിന്നും വിവിധ വലുപ്പത്തിലുള്ള ചെരുപ്പുകളും വാങ്ങി ദുരന്തത്തിനിരകളായവര്‍ക്കായി നല്‍കുകയായിരുന്നു. മാത്രമല്ല ഈ പെരുന്നാളിന് പുത്തനുടുപ്പുകള്‍ വേണ്ടെന്നും കുട്ടികള്‍ തീരുമാനിച്ചിരുന്നു. 

ചെറിയ കുട്ടികള്‍ സാധനങ്ങള്‍ വാങ്ങി പ്രളയ ബാധിതരെ സഹായിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയതാണ് പോലീസിനെ ഇവരെ വീട്ടിലെത്തി അനുമോദിക്കുവാൻ പ്രേരിപിച്ചതെന്നും മറ്റുകുട്ടികൾക്കും  ഇവരുടെ പ്രവർത്തനം പ്രചോദനമാകണമെന്നും വെള്ളരിക്കുണ്ട് സി.ഐ.സുനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. വെള്ളരിക്കുണ്ട് എസ്‌.ഐ.എം.എ.ജോസ്.സിവിൽ പോലീസ് ഓഫീസർമാരായ ഇല്യാസ്, രമ്യ, രാജൻ എന്നിവരും കുട്ടികളെ കാണാനെത്തി.

click me!