
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേർ യാത്രയാവും. കോഴിക്കോട് നിന്ന് മൂന്ന്, കണ്ണൂരിൽ നിന്ന് രണ്ട് വീതം വിമാനങ്ങളാണ് പുറപ്പെടുക. കോഴിക്കോട് നിന്നും പുലർച്ചെ 12.40 ന് പുറപ്പെടുന്ന ഐ.എക്സ് 3019 നമ്പർ വിമാനത്തിൽ 89 പുരുഷന്മാരും 84 സ്ത്രീകളും രാവിലെ 7.40 ന് പുറപ്പെടുന്ന ഐ.എക്സ് 3029 നമ്പർ വിമാനത്തിൽ 173 സ്ത്രീകളും വൈകുന്നേരം 4.5 ന് പുറപ്പെടുന്ന ഐ.എക്സ് 3039 നമ്പർ വിമാനത്തിൽ 76 പുരുഷന്മാരും 97 സ്ത്രീകളുമാണ് യാത്രയാവുക.
രാവിലെ 7.40 ന് പുറപ്പെടുന്ന വിമാനത്തോടെ കരിപ്പൂരിൽ നിന്നും സ്ത്രീകൾക്ക് മാത്രമായുള്ള സർവ്വീസുകൾ പൂർത്തിയാവും. കണ്ണൂരിൽ നിന്നും ബുധനാഴ്ച രണ്ട് വിമാനങ്ങളാണ് സർവ്വീസ് നടത്തുക. പുലർച്ചെ നാല് മണിക്ക് പുറപ്പെടുന്ന വിമാനത്തിൽ 45 പുരുഷന്മാരും 126 സ്ത്രീകളും വൈകുന്നേരം 7.25 ന് പുറപ്പെടുന്ന വിമാനത്തിൽ 31 പുരുഷന്മാരും 138 സ്ത്രീകളുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നും ചൊവ്വാഴ്ച വൈകുന്നേരം വരെ 17 വിമാനങ്ങളിലായി 2918 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. ഇതിൽ 760 പേർ പുരുഷന്മാരും 2158 പേർ സ്ത്രീകളുമാണ്.
അതേ സമയം കാത്തിരിപ്പ് പട്ടികയിൽ നിന്നും കഴിഞ്ഞ ദിവസം അവസരം ലഭിച്ചവർ പണം അടച്ച് പാസ്പോർട്ട്, മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിച്ചു. മെയ് 13 ചൊവ്വാഴ്ചയായിരുന്നു പണം അടക്കാനുള്ള അവസാന തിയ്യതി. പുതുതായി അവസരം ലഭിച്ചവർക്കു വാക്സിനേഷനുള്ള സൗകര്യവും ഇന്ന് ചൊവ്വാഴ്ച കരിപ്പൂരിൽ ഒരുക്കിയിരുന്നു. ഇവരുടെ യാത്രാ തിയ്യതി അടുത്ത ദിവസങ്ങളിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കും.
കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴിയുള്ള യാത്ര മെയ് 16 ന് വെള്ളിയാഴ്ച ആരംഭിക്കും. പതിനാറിന് വൈകുന്നേരം 5.55 നാണ് അദ്യാ വിമാനം പുറപ്പെടുക. സഊദി അറേബ്യൻ എയർലൈൻസിന്റെ 289 പേർക്ക് സഞ്ചരിക്കാവുന്ന 21 വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഹജജ് ക്യാമ്പിന്റെ ഉദ്ഘാടനം മെയ് 15 ന് വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കും. എയർപോർട്ട് കോമ്പൗണ്ടിലെ സിയാൽ അക്കാഡമിയിലാണ് ഇത്തവണയും ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്.
കരിപ്പൂരിൽ ഇന്നലെ നടന്ന യാത്രയയപ്പ് സംഗമങ്ങൾക്ക് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മെമ്പർമാരായ അഡ്വ. പി. മൊയ്തീൻ കുട്ടി, അഷ്കർ കോറാട് നേതൃത്വം നൽകി. അസി.സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, യൂസുഫ് പടനിലം സംബന്ധിച്ചു. ഹജ്ജ് സെൽ സ്പെഷ്യൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി ഐ.പി.എസ് നിർദ്ദേശങ്ങൾ നൽകി. ഹസൻ സഖാഫി തറയിട്ടാൽ പ്രാർത്ഥന നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam