
കോഴിക്കോട്: വൈകീട്ട് പതിവുപോലെ കടപ്പുറത്ത് കാറ്റുകൊള്ളാനിറങ്ങിയതായിരുന്നു എലത്തൂര്‍ ചെട്ടികുളം ബസാറിലെ ചെറുകാട്ടില്‍ വേലായുധന്‍. പക്ഷേ ആ സായാഹ്നത്തില്‍ തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരും എന്ന് അദ്ദേഹം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ തിരമാലയില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളുടെ നീന്തലില്‍ പന്തികേട് തോന്നിയ വേലായുധന്‍ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. ചെട്ടികുളം ബസാര്‍ വലിയാറമ്പത്ത് വീട്ടില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി സജീവന്റെയും യമുനയുടെയും മകന്‍ ശ്രീദേവ്(14), കൂട്ടുകാരായ കളത്തുംതൊടികയില്‍ സതീശന്റെ മകന്‍ ഹരിനന്ദ്, എരഞ്ഞോളി സബീഷിന്റെ മകന്‍ മിനോണ്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും ശ്രീദേവിന്റെ മൃതദേഹം ഇന്ന് കോസ്റ്റല്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.
കുട്ടികള്‍ മുങ്ങിപ്പോകുന്നത് കണ്ട വേലായുധന്‍ വാര്‍ധക്യസഹജമായ അവശതകളും ശ്വാസതടസ്സവും വകവെക്കാതെ കടലിലേക്ക് എടുത്തുചാടുകയായിരുന്നു. ആദ്യം ഹരിനന്ദിനെ കൈയ്യില്‍ പിടിച്ച് കരയിലെത്തിച്ചു. പിന്നീട് മിനോണിനെയും രക്ഷപ്പെടുത്താനായി. അപ്പോഴേക്കും വേലായുധന്‍ അവശനായെങ്കിലും ശ്രീദേവിനെ രക്ഷിക്കാനായി വിണ്ടും കടലിലേക്കിറങ്ങി. എന്നാല്‍ മുങ്ങിത്താഴ്ന്ന ശ്രീദേവിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ശ്രീദേവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന വിഷമത്തിലാണ് ഇദ്ദേഹമിപ്പോള്‍.
കടുക്ക വാരല്‍ തൊഴിലാളിയായിരുന്ന വേലായുധന്‍ കഴിഞ്ഞ 15 വര്‍ഷമായി കടലില്‍ പോയിരുന്നില്ല. വാര്‍ധക്യസഹജമായ അവശതകള്‍ മൂലമാണ് കടലില്‍ പോകുന്നത് അവസാനിപ്പിച്ചത്. എന്നാല്‍ കരുന്നുകള്‍ കണ്ണിന് മുന്‍പില്‍ ജീവനായി പിടയുമ്പോള്‍ താന്‍ മറ്റൊന്നും ആലോചിച്ചില്ലെന്ന് വേലായുധന്‍ പറയുന്നു. ഒരു കുട്ടിയുടെ ജീവന്‍ നഷ്ടമായതിലെ പ്രയാസം ഉള്ളില്‍ ഉണ്ടെങ്കിലും ഈ വയോധികന്റെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ഒരു നാടൊന്നാകെ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam