അടച്ചുറപ്പുള്ള കൂരയില്ല, പ്രാഥമികാവശ്യങ്ങള്‍ക്ക് ആശ്രയം നാട്ടുകാരുടെ വീടുകള്‍, സഹായം തേടി നിര്‍ധനകുടുംബം

By Web TeamFirst Published May 8, 2020, 4:46 PM IST
Highlights

പ്രായപൂര്‍ത്തിയായ മകള്‍ക്കും ഭാര്യക്കും ഒരു ശുചിമുറിയെങ്കിലും ആരെങ്കിലും വെച്ചു തരൂ എന്ന അപേക്ഷമാത്രമാണ് ശശിധരനുള്ളത്...

കോഴിക്കോട്: കോഴിക്കോട്  അന്നശ്ശേരിയിലെ പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിനിയും രോഗികളായ അച്ഛനും അമ്മയും ശുചിമുറി തേടി ദിവസവും പോകുന്നത് ഒരു കിലോമീറ്ററോളം ദൂരം. പ്ളാസ്റ്റിക്ക് പായ മറച്ച കൂരക്കുള്ളില്‍ കഴിയുന്ന കുടുംബം ശുചിമുറിക്കായി പഞ്ചായത്തില്‍ ഉള്‍പ്പെടെ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അടച്ചുറപ്പുള്ള വീടുപോലുമില്ലാത്ത ഈ കുടുംബമാവട്ടെ സര്‍ക്കാറിന്‍റെ കണക്കില്‍ ദാരിദ്ര രേഖക്ക് മുകളിലാണ്.

ആഹാരം, വസ്ത്രം, പാര്‍പ്പിടം ഒരു മനുഷ്യന്‍റെ പ്രാഥമികാവശ്യങ്ങള്‍ ഇവയാണ്. എന്നാല്‍ കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണ് ഈ കുടുംബത്തിനുള്ളത്. പണി തുടങ്ങിയ വീട് കടം കയറിയതോടെ പാതി വഴിയിലായി. അതോടെ ഈ കൂരയിലെക്ക് താമസം മാറി. അതും കാടുപിടിച്ചും ചിതലരിച്ചും നിലംപൊത്താറായി. .കാലവര്‍ഷം അടുക്കും തോറും തലക്കുളത്തൂര്‍ പഞ്ചായത്തിലെ ഒതയോത്ത് കണ്ടി ശശിധരനും കുടുംമ്പത്തിനും ആധിയാണ്.


പ്രായപൂര്‍ത്തിയായ മകള്‍ക്കും ഭാര്യക്കും ഒരു ശുചിമുറിയെങ്കിലും ആരെങ്കിലും വെച്ചു തരൂ എന്ന അപേക്ഷമാത്രമാണ് ശശിധരനുള്ളത്. ശശിധരന്‍ പ്രമേഹ രോഗിയാണ്. ഭാര്യക്ക് തൈറോയിഡ് ക്യാന്‍സറും. പഠനത്തില്‍ മിടുക്കിയായ മകള്‍ക്കായി വിദ്യാഭ്യാസ വായ്പയെടുത്തിട്ടുണ്ട് ഈ കുടുംബം. വീടുവെക്കാനടുത്ത വായ്പയും ബാധ്യതയായി തലയ്ക്ക് മുകളിലുണ്ട്. ഒപ്റ്റോമെട്രി കോഴ്സിന് പഠിക്കുന്ന മകളുടെ വിദ്യാഭ്യാസം പോലും മുടങ്ങുമോ എന്ന ആധിയിലാണ് ഇപ്പോള്‍ ഈ അച്ഛനും അമ്മയും. 

click me!