മുത്തങ്ങവഴി കൂടുതല്‍ പേര്‍ വയനാട്ടിലേക്കെത്തുന്നു; സൗകര്യങ്ങള്‍ ഒരുക്കാന്‍ പാടുപ്പെട്ട് ഉദ്യോഗസ്ഥര്‍

By Web TeamFirst Published May 8, 2020, 8:41 AM IST
Highlights

ചെക്ക് പോസ്റ്റുവഴിയെത്തിയ യാത്രക്കാരെ മതിയായ സൗകര്യങ്ങളില്ലാതെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കാന്‍ ശ്രമിച്ചത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. 

കല്‍പ്പറ്റ: കര്‍ണാടക-കേരള അതിര്‍ത്തി ചെക്‌പോസ്റ്റായ മുത്തങ്ങ വഴി ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കൂടുതല്‍ പേര്‍ എത്തിത്തുടങ്ങിയതോടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ പാടുപ്പെട്ട് അധികൃതര്‍. പുലര്‍ച്ചെ വരെ വിശ്രമമില്ലാതെ ജോലിയെടുത്താണ് പരിശോധന നടപടികള്‍ അടക്കം പൂര്‍ത്തിയാക്കുന്നത്. 290 പേരാണ് മുത്തങ്ങവഴി വ്യാഴാഴ്ച ജില്ലയിലെത്തിയത്. ഇതില്‍ 200 പേര്‍ പുരുഷന്‍മാരും 65 പേര്‍ സ്ത്രീകളും 25 പേര്‍ കുട്ടികളുമാണ്. 

ഇവരില്‍ വയനാട്ടുകാരായ 34 പേരെ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. ബുധനാഴ്ച 662 പേരാണ് എത്തിയത്. 492 പുരുഷന്മാരും 120 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടെയാണിത്. ഇതില്‍ 52 പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. രോഗലക്ഷണങ്ങളുള്ളവരെ കൂടാതെ, യാത്രാപാസ് ഇല്ലാത്തവരെയും റെഡ് സോണ്‍ മേഖലകളില്‍ നിന്നെത്തുന്നവരെയും പ്രത്യേകം ശ്രദ്ധിച്ച് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. ബുധനാഴ്ച 267 വാഹനങ്ങളിലായാണ് യാത്രക്കാര്‍ അതിര്‍ത്തികടന്നത്. 

അനുമതി നല്‍കിയ ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം വിചാരിച്ചതിലും കൂടിയതോടെ, ദേശീയപാതക്ക് സമീപം കല്ലൂര്‍ 67-ലൊരുക്കിയ മിനി ആരോഗ്യ കേന്ദ്രത്തിലെ പരിശോധന പുലര്‍ച്ചവരെ നീളുകയാണ്. അതേ സമയം ചെക്ക് പോസ്റ്റുവഴിയെത്തിയ യാത്രക്കാരെ മതിയായ സൗകര്യങ്ങളില്ലാതെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കാന്‍ ശ്രമിച്ചത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. 

മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം തയ്യാറാക്കിയ മിനി ഹോസ്പിറ്റല്‍

ബുധനാഴ്ച മുത്തങ്ങ ചെക്‌പോസ്റ്റുവഴിയെത്തിയ യാത്രക്കാരെ കല്ലൂര്‍ 67-ലെ പരിശോധനകള്‍ക്കുശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ്, നിരീക്ഷണത്തില്‍ കഴിയുന്നതിനായി കൊളഗപ്പാറയിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് കൊണ്ടുപോയത്. രണ്ടുസ്ത്രീകളടക്കം 39 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് ഡോര്‍മെറ്ററികളിലായി ഇവരെയെല്ലാം ഒരുമിച്ചുതാമസിപ്പിക്കാന്‍ ശ്രിമിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. 

സ്ത്രീകളടക്കമുള്ളവര്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ ഒരു മുറിയില്‍ കൂട്ടത്തോടെ താമസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. രണ്ടുമണിയോടെ സംഘത്തിലെ 31 പേര്‍ക്ക് ബത്തേരിയിലെ മറ്റൊരു ഹോട്ടലില്‍ താമസസൗകര്യമൊരുക്കി. എട്ടുപേര്‍ക്ക് കൊളഗപ്പാറയിലെ റിസോര്‍ട്ടില്‍ത്തന്നെ താമസമൊരുക്കി പ്രശ്‌നം പരിഹരിച്ചു. 

നിലവില്‍ ആയിരം പേരെ വരെ അതിര്‍ത്തി കടന്നെത്താന്‍ കേരളം അനുവദിക്കുന്നുണ്ട്. മുത്തങ്ങ ചെക്‌പോസ്റ്റ് വഴി മാത്രമാണ് യാത്രക്കാരെ കടത്തിവിടുന്നത്. അതിനാല്‍ തന്നെ ഇവിടെയുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ് ജില്ല ഭരണകൂടം.
 

click me!