വീടുപണി പാതിവഴിയിൽ നിലച്ചു; കൂരക്കുള്ളിൽ നരകജീവിതം നയിച്ച് പെൺകുട്ടികൾ അടങ്ങുന്ന ആദിവാസി കുടുംബം

By Web TeamFirst Published Dec 15, 2019, 12:11 PM IST
Highlights

പത്ത് വർഷമായി ഇവർ അന്തിയുറങ്ങുന്നത് മഴക്കാലത്ത് വെള്ളം കയറുന്ന ഈ 'വീട്ടിലാണ് '. ഒറ്റപ്പെട്ട കൂരയിൽ രണ്ട് പെൺമക്കളെ അടക്കം ചേർത്ത് പിടിച്ച് ആശങ്കയോടെയാണ് ചിമ്പനും ഭാര്യ അമ്മിണിയും കഴിയുന്നത്. 

കൽപ്പറ്റ: സർക്കാർ അനുവദിച്ച വീടിന്‍റെ പണി നാലുവർഷമായിട്ടും തീർന്നില്ല. ഇപ്പോൾ പണി പൂർണമായും നിലച്ചതിനാൽ അടച്ചുറപ്പുള്ള വീട് എന്ന ആഗ്രഹം മാറ്റി വച്ച് കൂരയിൽ ദുരിതജീവിതം നയിക്കുകയാണ് പട്ടിയമ്പത്തെ ചിമ്പനും കുടുംബവും. നെൻമേനി പഞ്ചായത്ത് ഒന്നാം വാർഡിലാണ് കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ചിമ്പൻ താമസിക്കുന്നത്. സ്വന്തമായി വാങ്ങിയ അഞ്ചുസെന്‍റ് സ്ഥലത്ത് വീടുപണി പാതിവഴിയിൽ നിലച്ചതിനാൽ ആറുമക്കളടക്കമുളള കുടുംബം കഴിയുന്നത് ഒറ്റമുറിക്കൂരയിലാണ്. 

പത്ത് വർഷമായി ഇവർ അന്തിയുറങ്ങുന്നത് മഴക്കാലത്ത് വെള്ളം കയറുന്ന ഈ 'വീട്ടിലാണ് '. പട്ടിയമ്പം പാടശേഖരത്തിനരികിലൂടെയുള്ള നടവഴി അവസാനിക്കുന്നത് ചിമ്പന്റെ വീട്ടിലാണ്. ഒറ്റപ്പെട്ട കൂരയിൽ രണ്ട് പെൺമക്കളെ അടക്കം ചേർത്ത് പിടിച്ച് ആശങ്കയോടെയാണ് ചിമ്പനും ഭാര്യ അമ്മിണിയും കഴിയുന്നത്. വാഹന സൗകര്യം ലഭിക്കാൻ ഒരുകിലോമീറ്ററിലധികം നടന്നുപോകണം.  2010-ലാണ് ചിമ്പനും കുടുംബവും എരുമാടുനിന്ന് പട്ടിയമ്പത്തേക്ക് വരുന്നത്. അന്നുമുതൽ താമസിക്കുന്നത് അടച്ചുറപ്പില്ലാത്ത ഒറ്റമുറിക്കൂരയിലാണ്. പുല്ലുകൊണ്ട് മേഞ്ഞ മേൽക്കൂര, പാളകൾക്കൊണ്ട് ഭിത്തി, ചെളിനിറഞ്ഞ തറ, കിടന്നുറങ്ങാനും ഭക്ഷണംകഴിക്കാനും കുട്ടികൾക്ക് പഠിക്കാനുമെല്ലാം ഈ സാഹചര്യങ്ങളെ ഉള്ളൂ. .

മഴപെയ്യുമ്പോൾ അടുത്തുളള തോട്ടിൽനിന്ന് വെളളം വീടിനുളളിൽ കയറും. ഉയരത്തിൽ തട്ടുണ്ടാക്കി ഇളയമക്കളെ അതിനുളളിൽ കിടത്തിയുറക്കും. ചിമ്പനും ഭാര്യയും മൂത്തകുട്ടികളും ഇരുന്ന് നേരംവെളുപ്പിക്കും. ചുറ്റിലും കാടുമൂടിയ പ്രദേശമായതിനാൽ ഇഴജന്തുക്കൾ വീട്ടിലെ നിത്യസന്ദർശകരാണ്. പാമ്പുകടിയേറ്റ് സ്കൂൾ വിദ്യാർഥി മരിച്ചെന്ന വാർത്തകേട്ടതിൽ പിന്നെ ഉറങ്ങിയിട്ടില്ലെന്ന് അമ്മിണി പറയുന്നു. ആൺകുട്ടികൾ രണ്ടുപേർ സ്കൂളിൽ പോകുന്നുണ്ട്. വീട്ടിലെ സാഹചര്യവും സാമ്പത്തികബുദ്ധിമുട്ടുംകാരണം മൂന്നാമത്തെ മകൾ നവ്യ പത്താംക്ലാസിൽ പഠനം നിർത്തി. പഠിക്കാൻ മോഹമുണ്ടെന്ന് നവ്യ പറഞ്ഞു.

നാലുവർഷംമുമ്പ് ട്രൈബൽ വകുപ്പ് അനുവദിച്ച വീടിന്റെ പണി ഇപ്പോൾ  നിലച്ചിരിക്കുകയാണ്. ജനാലപ്പൊക്കംവരെ പൂർത്തിയാക്കിയ വീടിന്റെ പ്രവൃത്തി മുടങ്ങിയിട്ട് മാസങ്ങളായി. ട്രൈബൽ വകുപ്പ് പണം നൽകാത്തതിനാൽ കരാറുകാരൻ സ്ഥലംവിട്ടു. ആരാണിതിന് ഉത്തരവാദിയെന്ന് പക്ഷേ ഇവർക്കറിയില്ല. പ്രശ്നങ്ങൾ പലതവണ അധികൃതരെ അറിയിച്ചെന്നും എന്നാൽ വാഹനമെത്തുന്നിടംവരെ വന്ന് ഉദ്യോഗസ്ഥർ മടങ്ങിയെന്നും കുടുംബം പറയുന്നു. ചിമ്പൻ കൂലിപ്പണിക്ക് പോയാൽ മക്കളെയും കൊണ്ട് അമ്മിണി പേടിയോടെയാണ് കഴിയുന്നത്.

click me!