
കോഴിക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ അഗസ്ത്യൻമുഴിക്ക് സമീപം പെരുമ്പടപ്പിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓമശേരി പുത്തൂർ നടമ്മൽ പൊയിൽ എളവമ്പ്രകുന്നുമ്മൽ വിനു (36) ആണ് മരിച്ചത്. ആനപ്പാപ്പാനായ വിനുവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് പെരുമ്പടപ്പ് സ്വദേശി അഖിലിനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം സംഭവിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന തീർഥാടക സംഘം സഞ്ചരിച്ച ട്രാവലർ എതിർദിശയിലേക്ക് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിനുവിനെയും സുഹൃത്തിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിനു രാത്രിയോടെ മരിച്ചു. പുത്തൂർ സ്വദേശിയായ വിനു കഴിഞ്ഞ ഒരു വർഷത്തിലേറെയായി മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലിൽ താമസിച്ചു വരികയായിരുന്നു. ഭാര്യമാർ: നിമിഷ,ഷിമില മക്കൾ: നവീൻ, നവനീത്, വിസ്മയ, ആറു മാസം പ്രായമായ മറ്റൊരുപെൺകുട്ടിയുമുണ്ട്.
ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ദർസ് വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: വേളം പൂമുഖം അങ്ങാടിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിത്സയിലായിരുന്ന ദർസ് വിദ്യാർത്ഥി മരിച്ചു. തീക്കുനി ജീലാനിനഗറിലെ തലത്തൂർ കുഞ്ഞമ്മദിന്റെ മകൻ സഹദ് (20) ആണ് മരിച്ചത്. വില്യാപ്പള്ളി മഹ്ദത്തുൽ ജലാലിയയ്യി ൽ ആറാം വർഷ വിദ്യാർഥിയായ സഹദ് വ്യാഴാഴ്ച ഉച്ചക്ക് കാക്കുനിയിലെ ഒരു വീട്ടിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം.
തീക്കുനി ഭാഗത്തുനിന്ന് വാഴക്കുല കയറ്റിവരുകയായിരുന്ന വാൻ അമിത വേഗത്തിലായിരുന്നെന്നും ഇതര സം സ്ഥാനക്കാരനായ ഡ്രൈവർ മദ്യപിച്ചിരുന്നെന്നുമാണ് നാട്ടുകാർ ആരോപിച്ചു. കുറ്റ്യാടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ പിൻസീറ്റി ലായിരുന്ന അധ്യാപകൻ കരുവാരക്കുണ്ട് സ്വദേശി മുഹമ്മദലി റഹ്മാനി റോഡിൽ തെറിച്ചു വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. കുറ്റ്യാടി ഗവ.ആശുപത്രിയിൽ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോർട്ട ത്തിന് ശേഷം ബന്ധുക്കൾ വിട്ടുകൊടുത്തു.