
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഡയാലിസിസ് മാലിന്യം കൊണ്ട് പൊറുതി മുട്ടിയ കുടുംബത്തിന് ആശ്വാസം. ബയോ വേസ്റ്റ് നിർമാർജന കമ്പനിയായ ആക്രി ആപ്പ് ആണ് മാലിന്യം സൗജന്യമായി ഏറ്റെടുത്ത് നീക്കം ചെയ്തത്. കുടുംബത്തിന്റെ നിസഹായാവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഈ കണ്ണീരിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ഡയാലിസിസ് മാലിന്യം കുന്നുകൂടി നിസ്സഹായവസ്ഥയിലായ രാജുവിന്റെയും ലീലയുടെയും ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട ആക്രി ആപ്പാണ് ഈ കുടുംബത്തിന് സഹായവുമായി എത്തിയത്. മൂന്ന് വർഷമായി കെട്ടികിടന്ന മാലിന്യം നീക്കം ചെയ്തതോടെ വീടും പരിസരവും വൃത്തിയായി. കുടുംബത്തിന് വലിയ ആശ്വാസവുമായി.
നിത്യവൃത്തിക്കും ചികിത്സക്കും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ഇതിനിടെയിലും മാലിന്യം നീക്കം ചെയ്യാൻ പണം നൽകാൻ വരെ തയ്യാറായിരുന്നു. അപ്പോഴാണ് ആക്രി അപ്പ് സൗജന്യമായി മാലിന്യം നീക്കം ചെയ്ത് കൊടുത്തത്. വീട്ടില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിട്ടുള്ള മാലിന്യം നീക്കാൻ രോഗിയായ രാജുവും ഭാര്യ ലീലയും മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല.
രോഗിയായ രാജുവിന് വീട്ടില്‍ വച്ച് തന്നെയാണ് ഡയാലിസിസ് ചെയ്യുന്നത്. ഇങ്ങനെ വരുന്ന മാലിന്യം വീട്ടില്‍ കെട്ടികിടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായിരുന്നു. ഹോട്ടൽ തൊഴിലാളിയായിരുന്നു രാജു. അസുഖം വന്നതോടെ ജോലി നിർത്തി. മൂന്ന് നേരം ഡയാലിസിസ് ചെയ്യേണ്ടത് കൊണ്ട് ഭാര്യ ലീലയും ഇപ്പോൾ പണിക്ക് പോകുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം