ഇരുപത്തഞ്ച് വർഷം പൂർത്തിയാക്കി ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായ ആരണ്യ

By Jansen MalikapuramFirst Published Feb 22, 2020, 2:44 PM IST
Highlights

കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന വിത്തുകള്‍, പൂക്കള്‍, കാട്ടുചെടികളുടെ ഇലകള്‍ തുടങ്ങിയവ ഉപയോഗിച്ച് കണ്ടെത്തുന്ന സ്വാഭാവിക നിറങ്ങള്‍ സൃഷ്ടിക്കുന്ന യൂണിറ്റാണ് ആരണ്യ. 

ഇടുക്കി: ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യം വച്ച് ടാറ്റാ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡിന്റെയും ടാറ്റാ ട്രസ്റ്റിന്റെയും കീഴില്‍ ആരംഭിച്ച സൃഷ്ടി വെല്‍ഫെയര്‍ പ്രൊജക്ടിന്റെ ഭാഗമായ ആരണ്യ യൂണിറ്റ് ജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു. പരിപാടികളുടെ ഉദ്ഘാടനം നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്  നിര്‍വ്വഹിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജൂബിലിയാഘോഷങ്ങളില്‍ അന്തര്‍ദേശീയ സമ്മേളനമടക്കമുള്ള പരിപാടികള്‍ നടത്തപ്പെടും.  വളരെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 

സ്വാഭാവിക നിറങ്ങളുടെ സുസ്ഥിരത എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സമ്മേളനം നടക്കുന്നത്. കൂടാതെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. പാനല്‍ ചര്‍ച്ചകളും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്. 8 രാജ്യങ്ങളില്‍ നിന്നായുള്ള ഫാഷന്‍ വസ്ത്ര വിദഗ്ദരും 250 ഓളം പ്രതിനിധികളുമാണ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്.  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ആരണ്യയുടെ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. 

തോട്ടം തൊഴിലാളികളുടെ മക്കളില്‍ നിരവധി പേര്‍ ഭിന്നശേഷിക്കാരുണ്ടെന്ന തിരിച്ചറിവിലാണ് ടാറ്റ സൃഷ്ടി വെല്‍ഫെയര്‍ ട്രസ്റ്റ്  ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 1995 ല്‍ ആരണ്യ യൂണിറ്റ് ആരംഭിച്ചു. യൂണിറ്റ് ആരംഭിച്ച ശേഷം അസംസ്‌കൃത വസ്തുക്കളില്‍ നിന്നും ലോകോത്തര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരീശീലനവും നല്‍കി. കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന വിത്തുകള്‍, പൂക്കള്‍, കാട്ടുചെടികളുടെ ഇലകള്‍ തുടങ്ങിയവ ഉപയോഗിച്ച് കണ്ടെത്തുന്ന സ്വാഭാവിക നിറങ്ങള്‍ സൃഷ്ടിക്കുന്ന യൂണിറ്റാണ് ആരണ്യ. ഏറെ നാളുകള്‍ക്കുള്ളില്‍ തന്നെ ലോകോത്തര നിലവാരത്തില്‍ തുണികള്‍ക്ക് ഡിസൈന്‍ ചെയ്യുവാന്‍ സാധിക്കുകയും നിരവധി രാജ്യങ്ങളിലേയ്ക്ക്  ഉത്പന്നങ്ങൾ കയറ്റുമതി നടത്തുകയും ചെയ്യുന്നു. 

സൃഷ്ടിയുടെ സ്ഥാപകയും മാനേജിംഗ് ട്രസ്റ്റിയുമായ രത്ന കൃഷ്ണകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സൃഷ്ടിയുടെ മാനേജര്‍ സന്ധ്യ വേണുഗോപാലന്‍, പ്രൊജക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍ വിക്ടോറിയ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണന്‍ ദേവന്‍ കമ്പനി എം.ഡി മാത്യു എബ്രഹാം, ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍, പി.ആര്‍.ഒ പ്രിന്‍സ് തോമസ്, മനേജര്‍മാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

click me!