യുവാവ് ജനുവരി എട്ടാം തീയതി ഉച്ചയോടെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി. വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനെ പുറത്ത് ഇടിച്ച് വീഴ്ത്തിയ ശേഷം കൊല്ലുമെന്ന് ഭീഷണി മുഴക്കി.
അടൂർ: സിസിടിവി ക്യാമറ സ്ഥാപിച്ചതിന്റെ വിരോധത്തിൽ അയൽവാസികളായ ദമ്പതികളെ വീട് കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി അനൂപ് ആണ് പിടിയിലായത്. 23 അനൂപ് കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞു പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് ദമ്പതിമാരെ ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് വീണ്ടും പിടിയിലാകുന്നത്. അയൽവാസികൾ തങ്ങളുടെ വീട്ടിൽ സിസിടിവി വെച്ചതാണ് അനൂപിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
നാട്ടിലെ പൊതു ശല്യമായ അനൂപിനെ കൂടി പ്രതിരോധിക്കാനാണ് അയൽവാസി തന്‍റെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത്. എന്നാൽ ഇത് മനസിലാക്കിയ യുവാവ് ജനുവരി എട്ടാം തീയതി ഉച്ചയോടെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി. വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനെ പുറത്ത് ഇടിച്ച് വീഴ്ത്തിയ ശേഷം കൊല്ലുമെന്ന് ഭീഷണി മുഴക്കി. തടസം പിടിക്കാനെത്തിയ ഗൃഹനാഥന്‍റെ ഭാര്യയേയും അനൂപ് മർദ്ദിച്ചു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
മൊബൈൽ ഫോൺ ലൊക്കേഷനും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനൂപിനെ കൂടൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആറ് പൊലീസ് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, കഞ്ചാവ് കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അനൂപെന്ന് പൊലീസ് പറഞ്ഞു. കാപ്പ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആറ് മാസം തടവിലായിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞ് ഈയടുത്താണ് പുറത്തിറങ്ങിയത്.


