
കൊച്ചി: എറണാകുളം ജനറൽ ഹോസ്പിറ്റൽ കോമ്പൗണ്ടിലെ അമ്മത്തൊട്ടിലിൽ നവജാതശിശുവിനെ കണ്ടെത്തി. വിദഗ്ധ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ യാതൊന്നുമില്ലെന്ന് വ്യക്തമായതോടെ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് ഏറ്റെടുത്തു. കഴിഞ്ഞ ജൂലൈ 14-ന് അർദ്ധരാത്രിയിലാണ് പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്നാണ് വിവരം.
ജനറൽ ആശുപത്രി കോമ്പൗണ്ടിലെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ സുരക്ഷിതമായി കിടത്തിയ ശേഷം, അജ്ഞാതനായ ഒരാൾ ഈ വിവരം ജനറൽ ഹോസ്പിറ്റൽ എക്സ്ചേഞ്ചിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ആശുപത്രി അധികൃതർ കുഞ്ഞിനെ സുരക്ഷിതമായി കണ്ടെടുത്തു. തുടർന്ന് ശിശുപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആവശ്യമായ വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുകയും ചെയ്തു.
ആശുപത്രി അധികൃതർ കുഞ്ഞ് പൂർണ്ണ ആരോഗ്യവതി ആണെന്ന് അറിയിച്ചതിനെ തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. ജനറൽ ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. സെൻസി, നവജാത ശിശുരോഗ വിഭാഗം ഡോക്ടർമാരുമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധുവും മറ്റ് അംഗങ്ങളും കുഞ്ഞിനെ ഏറ്റെടുക്കാനെത്തി. കൂടുതൽ പരിചരണങ്ങൾക്കായി നവജാതശിശുക്കളുടെ പ്രത്യേക കേന്ദ്രമായ സ്പെഷ്യൽ അഡോപ്ഷൻ ഏജൻസിയിലേക്ക് കുഞ്ഞിനെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam