
സുല്‍ത്താന്‍ ബത്തേരി: വയനാട് പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടി. സംഭവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പി ഡി സജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഗുഡ്‌സ് വാഹനങ്ങളില്‍ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമെത്തിച്ച് വില്‍പ്പന നടത്തിയ ആപ്പിള്‍ കഴിച്ചവരാണ് വയറുവേദന, തലവേദന തുടങ്ങിയവ മൂലം ചികിത്സ തേടിയത്.
ആലത്തൂര്‍ ഭാഗത്ത് വീട്ടമ്മമാരും വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഹര്‍ത്താന്‍ തലേന്ന് വാങ്ങിയ ആപ്പിള്‍ മക്കള്‍ക്ക് നല്‍കാനായി മുറിച്ച് നോക്കിയപ്പോള്‍ ഉള്ളില്‍ സൂചി കുത്തിയ പോലെയുള്ള ചുവന്ന പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും പിന്നീട് ഇത് കഴിച്ചില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഡി സജി പറഞ്ഞു. മുറിച്ച് കുറച്ചു സമയം വെക്കുമ്പോഴേക്കും ആപ്പിളുകളില്‍ കറുപ്പും ചുവപ്പും നിറങ്ങള്‍ പടരുന്നതായും സജി ചൂണ്ടിക്കാട്ടി.
ഇവയുടെ ചിത്രങ്ങള്‍ കൂടി ചേര്‍ത്താണ് ബന്ധപ്പെട്ടവര്‍ക്ക് സജി പരാതി നല്‍കിയിത്. കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എസ്‍പി ഉറപ്പ് നല്‍കിയതായി സജി പറഞ്ഞു. ആപ്പിള്‍ കേടാകാതിരിക്കാന്‍ മെഴുകു പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന സംശയം കഴിഞ്ഞ ദിവസം ചികിത്സ തേടിയവരില്‍ ചിലര്‍ പങ്കുവെച്ചതായും പറയപ്പെടുന്നു. നാഗ്പൂര്‍, ഹിമാചല്‍ പ്രദേശങ്ങളില്‍ നിന്നുള്ള ആപ്പിളുകള്‍ പ്രധാനമായും മൈസുരുവിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളിലെത്തിച്ച് അവിടെ നിന്ന് ലോറികളില്‍ വയനാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്.
ചെറിയ ഗുഡ്‌സ് വാഹനങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തിയവരില്‍ നിന്നാണ് പലരും ആപ്പിള്‍ വാങ്ങിക്കഴിച്ചത്. അതേസമയം, ഒരുമാസമായി ആപ്പിള്‍ കേടാകാതെ ഇരിക്കുന്നുണ്ടെന്ന ആശങ്കയും നാട്ടുകാരില്‍ ചിലര്‍ പങ്കുവെച്ചു. വിളവെടുപ്പുകാലമായതോടെ ജില്ലയിലെമ്പാടും വ്യാപകമായി പല തരത്തിലുള്ള ആപ്പിള്‍ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്. അതിനിടെ സംഭവം സംബന്ധിച്ച് ജില്ല ആരോഗ്യവകുപ്പിന് പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രതികരണം ലഭിച്ചില്ല.
കോഴിക്കോട് രണ്ടിടത്ത് നിന്ന് നാല് പേർ മയക്കുമരുന്നുമായി പിടിയിൽ; പിടിച്ചത് എംഡിഎംഎയും കഞ്ചാവും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam