ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി; ഒന്നുമറിയാതെ ഇടമലക്കുടിയിലെ നാനൂറോളം വിദ്യാര്‍ത്ഥികള്‍

By Web TeamFirst Published Jun 1, 2020, 11:01 PM IST
Highlights

കൊവിഡിന്റെ പശ്ചാതലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം നാനൂറോളം കുട്ടികളെ പ്രതിസന്ധിയിലാക്കി.  ഇടമലക്കുടി പഞ്ചായത്തിലും ട്രൈബല്‍ ഓഫീസറുടെ പക്കലും കുട്ടികളുടെ ക്യത്യമായ വിവരങ്ങള്‍ ഇല്ലാത്തതും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തിരിച്ചടിയായി.

ഇടുക്കി: കൊവിഡിന്റെ പശ്ചാതലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം നാനൂറോളം കുട്ടികളെ പ്രതിസന്ധിയിലാക്കി.  ഇടമലക്കുടി പഞ്ചായത്തിലും ട്രൈബല്‍ ഓഫീസറുടെ പക്കലും കുട്ടികളുടെ ക്യത്യമായ വിവരങ്ങള്‍ ഇല്ലാത്തതും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തിരിച്ചടിയായി. മുന്നൊരുക്കങ്ങള്‍ നടത്തി സംസ്ഥാനത്ത് ഇത്തവണ ഈ ക്ലാസുകളിലൂടെ അധ്യായന വര്‍ഷത്തിന് തുടക്കം കുറിച്ചപ്പോള്‍ പഠനം തുടരാന്‍ കഴിയാതെ പ്രതിസന്ധിയിലായത് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ നാനൂറിലധികംവരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്. 

വൈദ്യുതിയും ഇന്‍റര്‍നെറ്റും പൂര്‍ണ്ണമായി എത്തിക്കാന്‍ ഭരണം കൈയ്യാളുന്നവര്‍ക്ക് സാധിക്കാത്തതാണ് കുട്ടികളുടെ തുടര്‍പഠനത്തിന് തിരിച്ചടിയായത്. 2010 ലാണ് ഇടമലക്കുടി പഞ്ചായത്ത് സ്ഥാപിതമായത്. അന്നുമുതല്‍ കോടിക്കണക്കിന് രൂപയാണ് കുടിയുടെ വികസനത്തിനായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. എന്നാല്‍ റോഡ്  വൈദ്യുതി  വെള്ളം  മൊബൈല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും കുടിക്കാര്‍ക്ക് അന്യമാണ്. 

ഇത്തരം പ്രതിസന്ധിയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ തടസ്സം സ്യഷ്ടിക്കുന്നത്. ഏകദേശം നാനുറോളം കുട്ടികള്‍ പഞ്ചായത്തില്‍ ഉള്ളതായി പറയുന്ന ട്രൈബികള്‍ ഓഫീസര്‍ക്കുപോലും ഓരോ സ്‌കൂളുകളില്‍ എത്രപേര്‍വീതം പഠിക്കുന്നുവെന്ന് അറിയില്ല. ഇടമലക്കുടിയിലെ പഞ്ചായത്ത് ഓഫീസ് ആകട്ടെ ദേവികുളത്താണ് പ്രവര്‍ത്തിക്കുന്നത്. 

ന്നരമാസം മുമ്പ് പഞ്ചായത്ത് കമ്മിറ്റി കൂടാനല്ലാതെ മറ്റൊന്നിനും ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയിട്ടില്ല. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ പഠനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും ഇവരുടെ പക്കല്‍ കുട്ടികളുടെ എണ്ണം പോലുമില്ലെന്നുള്ളതാണ് യാഥാര്‍ത്യം. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പദ്ധതി കുടികളില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് അധ്യാപകരും  പറയുന്നത്. കൊവിഡെന്ന മഹാമാരി ഒഴിയാതെ പഠനം ആരംഭിക്കാന്‍ കഴിയില്ലെന്ന് ചുരുക്കം.

click me!